ആദ്യ പന്ത് നേരിടാന്‍ സച്ചിന് എപ്പോഴും മടി; കാരണം വ്യക്തമാക്കി ഗാംഗുലി

By Web TeamFirst Published Jul 6, 2020, 12:58 PM IST
Highlights

വല്ലപ്പോഴും നിങ്ങളും ആദ്യ പന്ത് നേരിടൂ എന്ന് ഞാനെപ്പോഴും സച്ചിനോട് പറയാറുണ്ട്. എന്നാല്‍ അപ്പോഴൊക്കെ സച്ചിന്‍ അതിന് വിസമ്മതിക്കും. അതിന് അദ്ദേഹം രണ്ട് കാരണങ്ങളും പറയും.

കൊല്‍ക്കത്ത: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും. 1996 മുതല്‍ 2007വരെ 136 ഇന്നിംഗ്സുകളില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത ഇരുവരും 6609 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്റെ റെക്കോര്‍ഡും ഇരുവരുടെയും പേരിലാണ്. ക്രിക്കറ്റില്‍ മാത്രമല്ല, ജൂനിയര്‍ തലം മുതലെ ക്രിക്കറ്റിന് പുറത്തും സച്ചിനും ഗാംഗുലിയും അടുത്ത സുഹൃത്തുക്കളാണ്.

ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനായി ക്രീസിലിറങ്ങുമ്പോള്‍ സച്ചിന്‍ ആദ്യം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് നടക്കുന്ന കാഴ്ചയാണ് ആരാധകര്‍ എപ്പോഴും കാണാറുള്ളത്. സച്ചിന്‍ ആദ്യ പന്ത് നേരിടുന്നത് വളരെ അപൂര്‍വമായെ ആരാധകര്‍ കണ്ടിട്ടുണ്ടാവുകയുള്ളു. മിക്കവാറും ഗാംഗുലി തന്നെയാണ് ആദ്യ പന്ത് നേരിടാറുള്ളത്. ആദ്യ പന്ത് നേരിടാന്‍ സച്ചിന് എപ്പോഴും മടിയാണെന്ന് മുമ്പ് പലപ്പോഴും ഗാംഗുലി തുറന്നുപറഞ്ഞിട്ടുമുണ്ട്.

എന്നാലിപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറായ മായങ്ക് അഗര്‍വാളുമായുള്ള അഭിമുഖത്തില്‍ ആദ്യ പന്ത് നേരിടാനുള്ള സച്ചിന്റെ മടിക്ക് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഗാംഗുലി. ആദ്യ പന്ത് നേരിടാന്‍ സച്ചിന്‍ താങ്കളെ നിര്‍ബന്ധിക്കാറുണ്ടോ എന്നായിരുന്നു അഭിമുഖത്തില്‍ മായങ്കിന്റെ ചോദ്യം. എപ്പോഴും എന്നായിരുന്നു ഇതിന് ഗാംഗുലിയുടെ മറുപടി.



വല്ലപ്പോഴും നിങ്ങളും ആദ്യ പന്ത് നേരിടൂ എന്ന് ഞാനെപ്പോഴും സച്ചിനോട് പറയാറുണ്ട്. എന്നാല്‍ അപ്പോഴൊക്കെ സച്ചിന്‍ അതിന് വിസമ്മതിക്കും. അതിന് അദ്ദേഹം രണ്ട് കാരണങ്ങളും പറയും. ഒന്ന്, ഞാന്‍ നല്ല ഫോമിലാണ്, അതുകൊണ്ട് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കാം എന്നായിരിക്കും. രണ്ടാമത്തെ കാരണം, ഞാന്‍ അത്ര ഫോമിലല്ല, അതുകൊണ്ട് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കാം എന്നാകും. എന്തായാലും മികച്ച ഫോമിലാണെങ്കിലും മോശം ഫോമിലല്ലെങ്കിലും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കാമെന്നാണ് അദ്ദേഹത്തിന്റെ മറുപടി.

ആദ്യ പന്തില്‍ സച്ചിന് സ്ട്രൈക്ക് കൈമാറാന്‍ വേണ്ടി താന്‍ പലതന്ത്രങ്ങളും പയറ്റിയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. ചില മത്സരങ്ങളില്‍ ഞാന്‍ ഒന്നും പറയാതെ ആദ്യമേ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ പോയി നില്‍ക്കും. സച്ചിനെ ഒന്നു നോക്കുക പോലും ചെയ്യില്ല. അപ്പോഴേക്കും സച്ചിന്റെ  മുഖം ടിവിയില്‍ ക്ലോസപ്പില്‍ ഒക്കെ കാണിക്കുന്നുണ്ടാകും. പിന്നെ വേറെ വഴിയില്ലാതെ അദ്ദേഹം ആദ്യ പന്ത് സ്ട്രൈക്ക് ചെയ്യും-ഗാംഗുലി പറഞ്ഞു. അത് പക്ഷെ ഒന്നോ രണ്ടോ തവണയെ പറ്റിയിട്ടുള്ളൂ എന്നും ഗാംഗുലി പറഞ്ഞു.

click me!