
വെല്ലിംഗ്‌ടണ്‍: പാക്കിസ്ഥാനെതിരെ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് ആവേശജയം. ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്‍റെ വിജയലക്ഷ്യം ന്യൂസിലന്‍ഡ് നാലു വിക്കറ്റ് നഷ്ടത്തില്‍ നാലു പന്ത് ബാക്കി നിര്‍ത്തി മറികടന്നു. 57 പന്തില്‍ 109 റണ്‍സടിച്ച മാര്‍ക്ക് ചാപ്‌മാന്‍റെ സെഞ്ചുറി മികവിലാണ് ന്യൂസിലന്‍ഡ് അനായാസ ജയം സ്വന്തമാക്കിയത്. 25 പന്തില്‍ 45 റണ്‍സെടുത്ത ജെയിംസ് നീഷാമും കിവീസിനായി തിളങ്ങി. സ്കോര്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 193-5, ന്യൂസിലന്‍ഡ് 19.2 ഓവറില്‍ 194-4.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ മികവിലാണ് 193 റണ്‍സടിച്ചത്. 62 പന്തില്‍ ഏഴ് ഫോറും നാലു സിക്സും പറത്തിയ റിസ്‌വാന്‍ 98 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം(19) നിരാശപ്പെടുത്തി. ഓപ്പണിംഗ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷം അസം മടങ്ങിയതിന് പിന്നാലെ മുഹമ്മദ് ഹാരിസ്, സൈയം അയൂബ് എന്നിവര്‍ പൂജ്യത്തിന് പുറത്തായതോടെ തകര്‍ച്ചയിലായ പാക്കിസ്ഥാനെ ഇഫ്തിഖര്‍ അഹമ്മദ്(22 പന്തില്‍ 36), ഇമാദ് വാസിം(14 പന്തില്‍ 31) എന്നിവരുടെ ബാറ്റിംഗ് പിന്തുണയിലാണ് റിസ്‌വാന്‍ 193 റണ്‍സിലെത്തിച്ചത്. കിവീസിനായി ടിക്‌നര്‍ മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ടോം ലാഥമിനെ(0) ഇന്നിംഗ്സിലെ ആദ്യ പന്തില്‍ നഷ്ടമായ കിവീസിന് തൊട്ടു പിന്നാലെ വില്‍ യങിനെയും(4) നഷ്മായി. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയാണ് കിവീസിനെ ബാക്ക് ഫൂട്ടിലാക്കിയത്. 19 റണ്‍സെടുത്ത ചാഡ് ബോവസിനെ ഇമാദ് വാസിമും പുറത്താക്കിയതോടെ 26-3ലേക്ക് കിവീസ് കൂപ്പുകുത്തി. പത്താം ഓവറില്‍ ഡാരില്‍ മിച്ചലിനെ നഷ്ടമാവുമ്പോള്‍ 73 റണ്‍സായിരുന്നു കിവീസ് സ്കോര്‍.
അവസാന പത്തോവറില്‍ 120 റണ്‍സ് ആയിരുന്നു കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അഞ്ചാം നമ്പറിലിറങ്ങി തുടക്കം മുതല്‍ തകര്‍ത്തടിച്ച ചാപ്മാന്‍ 11 ഫോറും നാല് സിക്സും പറത്തിയാണ് 104 റണ്‍സുമായി പുറത്താകാതെ നിന്നത്. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും ഇമാദ് വാസിമിം രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്ന പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ വീതം പാക്കിസ്ഥാനും ന്യൂസിലന്‍ഡും ജയിച്ചതോടെ പരമ്പര സമനിലയായി.