പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന ജയവുമായി ന്യൂസിലന്‍ഡ്; ഒന്നാം റാങ്കിനടുത്ത്

By Web TeamFirst Published Dec 30, 2020, 12:41 PM IST
Highlights

മിച്ചല്‍ സാന്റ്‌നര്‍ എറിഞ്ഞ ഓവറില്‍ നസീം ഷാ റിട്ടേണ്‍ ക്യാച്ച് നല്‍കിയതോടെ കിവീസ് വിജയം സ്വന്തമാക്കി. മൂന്നിന് 71 എന്ന നിലയിലാണ് പാകിസ്ഥാന്‍ അഞ്ചാംദിനം ആരംഭിച്ചത്.

വെല്ലിംഗ്ടണ്‍: ത്രസിപ്പിക്കുന്ന മത്സരത്തില്‍ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. ഇതോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തിന് അടുത്തെത്താന്‍ അവര്‍ക്ക് സാധിച്ചു. പരമ്പര സ്വന്തമാക്കിയാല്‍ ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡിന് ഒന്നാം സ്ഥാനം നേടാം. ആദ്യ ടെസ്റ്റില്‍ 101 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. സ്‌കോര്‍ ന്യൂസിലന്‍ഡ് 431 & 180/5 ഡിക്ലയേര്‍ഡ്. പാകിസ്ഥാന്‍ 239 & 271. സന്ദര്‍ശകര്‍ക്ക് 28 പന്തുകള്‍ കൂടി പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരം സമനിലയില്‍ ആക്കാമായിരുന്നു.

New Zealand move closer to the No.1 spot in the ICC Test Team Rankings with a stirring win over Pakistan! They will confirm their place at the 🔝 if they win the Test series 🙌 pic.twitter.com/ROwKdXhVfo

— ICC (@ICC)

എന്നാല്‍ മിച്ചല്‍ സാന്റ്‌നര്‍ എറിഞ്ഞ ഓവറില്‍ നസീം ഷാ റിട്ടേണ്‍ ക്യാച്ച് നല്‍കിയതോടെ കിവീസ് വിജയം സ്വന്തമാക്കി. മൂന്നിന് 71 എന്ന നിലയിലാണ് പാകിസ്ഥാന്‍ അഞ്ചാംദിനം ആരംഭിച്ചത്. ഫവാദ് ആലം (102), മുഹമ്മദ് റിസ്‌വാന്‍(60) എന്നിവരുടെ ചെറുത്തുനില്‍പ്പ് പാകിസ്ഥാന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ കെയ്ല്‍ ജാമിസണ്‍ റിസ്‌വാനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചതോടെ മത്സരം കിവീസിന് അനുകൂലമായി. ഫവാദിനെ നീല്‍ വാഗ്നര്‍ പുറത്താക്കി. 

35കാരനായ ഫവാദ് 2009ലാണ് ടെസ്റ്റില്‍ ആദ്യ സെഞ്ചുറി നേടുന്നത്. എന്നാല്‍ സ്ഥിരയില്ലായ്മയെ തുടര്‍ന്ന് താരം ടീമില്‍ നിന്ന് പുറത്തായി. എന്നാല്‍ അടുത്തിടെ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം പാക് ടീമിലേക്ക് തിരിച്ചെത്തി. വീണ്ടും സെഞ്ചുറി നേടിയത് ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്ചര്യമാണ്. 269 പന്തില്‍ 14 ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം 102 റണ്‍സെടുത്തത്. 

എന്നാല്‍ ഫവാദ് കൂടി മടങ്ങിയതോടെ പാകിസ്ഥാന്‍ വാലറ്റത്തിന് പിടിച്ചുനില്‍ക്കാനായില്ല. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്, കെയ്ല്‍ ജാമിസണ്‍, നീല്‍ വാഗ്നര്‍, മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണാണ് മാന്‍ ഓഫ് ദ മാച്ച്.

click me!