
ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന പന്ത് വരെ ആവേശം നീണ്ടപ്പോള്‍ മിന്നും വിജയം നേടി ന്യൂസിലന്‍ഡ്. നിര്‍ണായകമായ അഞ്ചാം ദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം കെയ്ൻ വില്യംസണിന്‍റെ സെഞ്ചുറി കരുത്തില്‍ കിവികള്‍ മറികടന്നു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് വിജയത്തിലെത്തിയത്. പുറത്താകാതെ 121 റണ്‍സ് നേടിയ മുൻ നായകൻ വില്യംസണിന്‍റെ ചെറുത്ത് നില്‍പ്പാണ് കിവികളെ തുണച്ചത്.
86 പന്തില്‍ 81 റണ്‍സ് അടിച്ചുകൂട്ടി ഡാരി മിച്ചലും മികച്ച പിന്തുണ നല്‍കി. അവസാന നിമിഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി സിംഹളവീര്യം ശ്രീലങ്ക പുറത്തെടുത്തെങ്കിലും ഒരറ്റത്ത് വില്യംസണ്‍ നിന്നതോടെ കിവികള്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറില്‍ എട്ട് റണ്‍സാണ് ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത്. അഷിതയുടെ ആദ്യ പന്തില്‍ വില്യംസണ് സിംഗിള്‍ മാത്രമാണ് നേടാനായത്. അടുത്ത പന്തില്‍ മാറ്റ് ഹെന്‍റിയും ഒരു റണ്‍സ് എടുത്തതോടെ വില്യംസണിന് സ്ട്രൈക്ക് ലഭിച്ചു.
മൂന്നാം പന്തില്‍ ഡബിളിനായുള്ള കിവികളുടെ ശ്രമം തകര്‍ന്നതോടെ ഹെൻറി റണ്‍ഔട്ടായി. എന്നാല്‍, അടുത്ത പന്തില്‍ ഫോര്‍ അടിച്ച വില്യംസണ്‍ ശ്രീലങ്കയുടെ സ്വപ്നങ്ങള്‍ തകര്‍ത്തു. അടുത്ത പന്തില്‍ ബൗണ്‍സര്‍ എറിഞ്ഞ് അഷിത ആവേശം കൂട്ടി. അവസാന പന്തിലും വില്യംസണെഅഷിത പിടിച്ച് നിര്‍ത്തിയെങ്കിലും നിര്‍ണായകമായ ഒരു റണ്‍ ന്യൂസിലന്‍ഡ് ഒരുവിധം പൂര്‍ത്തിയാക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി അഷിത ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സില്‍ ഏയ്ഞ്ചലോ മാത്യൂസിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ലങ്കക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ സമ്മാനിച്ചത്. 115 റണ്‍സടിച്ച മാത്യൂസിന് പുറമെ ദിനേശ് ചണ്ഡിമല്‍(42), ധനഞ്ജയ ഡിസില്‍വ(47) എന്നിവരും ലങ്കന്‍ നിരയില്‍ തിളങ്ങി. 84-3 എന്ന സ്കോറില്‍ ക്രീസിലെത്തിയ ലങ്കക്ക് നാലാം ദിനം തുടക്കത്തിലെ പ്രഭാത് ജയസൂര്യയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ചണ്ടിമലും മാത്യൂസും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ലങ്കയെ കരകയറ്റി.
ചണ്ടിമല്‍ പുറത്തായശേഷം ധനഞ്ജയ ഡിസില്‍വക്കൊപ്പം 60 റണ്‍സിന്‍റെ കൂട്ടുകെട്ടിലും മാത്യൂസ് പങ്കാളിയായി. ന്യൂസിലന്‍ഡിനായി ടിക്നര്‍ നാലും മാറ്റ് ഹെന്‍റി മൂന്നും സൗത്തി രണ്ടും വിക്കറ്റെടുത്തു. നേരത്തെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 355 റണ്‍സടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 373 റണ്‍സടിച്ചിരുന്നു. ശ്രീലങ്കയ്ക്ക് എതിരെ ന്യൂസിലന്‍ഡിന്‍റെ വിജയം ആഘോഷിക്കുന്നത് ടീം ഇന്ത്യയാണ്. ഓസ്ട്രേലിയക്കെതിരെയുള്ള അവസാന ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുമ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ എത്തണമെങ്കില്‍ ഇന്ത്യക്ക് കിവികള്‍ വിജയിക്കേണ്ടത് അനിവാര്യമായിരുന്നു.
പ്രതിരോധം തീര്‍ത്ത് ഹെഡ്- ലബുഷെയന്‍ സഖ്യം; ഇന്ത്യ- ഓസീസ് അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!