'ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കേണ്ടി വന്നാല്‍, അതിനും തയ്യാര്‍'; മിച്ചല്‍ സാന്റ്‌നറുടെ വെല്ലുവിളി

Published : Mar 07, 2026, 02:34 PM IST
Mitchell Santner

Synopsis

ലോകകപ്പ് ഫൈനലില്‍ കന്നിക്കിരീടം നേടാനായി ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കാന്‍ തയ്യാറാണെന്ന് ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍. 

അഹമ്മദാബാദ്: 2023 ഏകദിന ലോകകപ്പ് ഫൈനലിന് മുന്‍പ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് നടത്തിയ പ്രസ്താവന ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാനാവില്ല. അന്ന് അഹമ്മദാബാദിലെ ലക്ഷക്കണക്കിന് വരുന്ന ആരാധകരെ നിശബ്ദരാക്കുമെന്ന് പറഞ്ഞ കമിന്‍സ് അത് പ്രവൃത്തിയില്‍ കാണിച്ചു. ഇപ്പോള്‍, മറ്റൊരു ലോകകപ്പ് ഫൈനലിന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയം ഒരുങ്ങുമ്പോള്‍ സമാനമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്നര്‍.

ലക്ഷ്യം കന്നിക്കിരീടം

ഞായറാഴ്ച നടക്കുന്ന ഫൈനലിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് സാന്റ്നര്‍ തന്റെ മനസ്സ് തുറന്നത്. ഫൈനലില്‍ കിരീടം ഉയര്‍ത്താന്‍ ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കേണ്ടി വന്നാല്‍ അതിന് തങ്ങള്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ''ഞങ്ങള്‍ ഫേവറിറ്റുകളല്ല എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ അതില്‍ ഞങ്ങള്‍ക്ക് കുഴപ്പമില്ല. ടീം എന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ കിരീടം ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിക്കും. കന്നിക്കിരീടം നേടാനായി കുറച്ച് ഹൃദയങ്ങള്‍ തകര്‍ക്കേണ്ടി വന്നാലും വേണ്ടില്ല.

സമ്മര്‍ദ്ദം ഇന്ത്യയ്ക്കാണ്

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഫൈനലിലെത്തിയ ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് സാന്റ്നര്‍ പറഞ്ഞു. സ്വന്തം നാട്ടില്‍ കളിക്കുന്നത് കൊണ്ട് സമ്മര്‍ദ്ദം മുഴുവന്‍ ഇന്ത്യയുടെ മേലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. 'ടി20 ക്രിക്കറ്റില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകാം, ചിലപ്പോള്‍ അത് പ്രവചനാതീതവുമാണ്. ഈ ലോകകപ്പിലുടനീളം നമ്മള്‍ കണ്ടത് മിക്ക ടീമുകളും ഒരേ നിലവാരത്തിലുള്ളവരാണെന്നാണ്. ഓരോ മത്സരത്തിന്റെയും ഫലം നിശ്ചയിക്കുന്നത് അതിലെ നിര്‍ണ്ണായകമായ ചില ചെറിയ നിമിഷങ്ങളാണ്.'' സാന്റ്നര്‍ പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു:... ''കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടതാണ്, ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റിലുടനീളം മികച്ച ക്രിക്കറ്റ് കളിച്ചു വന്നു. പക്ഷേ, ഞങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്ക് ഒരു ചെറിയ പിഴവ് സംഭവിച്ചു, അവര്‍ പുറത്തായി. അതുകൊണ്ട് തന്നെ, ഞങ്ങളുടെ ശൈലിയില്‍ തന്നെ മുന്നോട്ട് പോയാല്‍ മറ്റൊരു വലിയ ടീമിനെ കൂടി അട്ടിമറിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ടീമിനുണ്ട്. സ്വന്തം നാട്ടില്‍ ഈ ലോകകപ്പ് ജയിക്കണമെന്ന വലിയ സമ്മര്‍ദ്ദം ഇന്ത്യയുടെ മേലുണ്ട്. നേരത്തെ പറഞ്ഞതുപോലെ. സ്വന്തം മണ്ണില്‍ ലോകകപ്പ് ജയിക്കുക എന്നത് വലിയ കാര്യമാണ്, അതോടൊപ്പം തന്നെ അത് വലിയ സമ്മര്‍ദ്ദവും നല്‍കുന്നു. മൈതാനത്തിറങ്ങി ആ സമ്മര്‍ദ്ദം അവരുടെ മേല്‍ ചെലുത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം.'' സാന്റ്‌നര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ബൗളിംഗ്

സെമിയില്‍ 254 റണ്‍സ് നേടിയെങ്കിലും ഇംഗ്ലണ്ട് 240 റണ്‍സ് വരെ അടിച്ചെടുത്തത് ഇന്ത്യയുടെ ബൗളിംഗിലെ പോരായ്മയാണെന്ന് സാന്റ്നര്‍ ചൂണ്ടിക്കാട്ടി. ഇത് മുതലെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിചയസമ്പത്ത് മുതല്‍ക്കൂട്ടാകും

ജനുവരി മുതല്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്ന ന്യൂസിലന്‍ഡ് ടീമിന് ഇവിടുത്തെ സാഹചര്യങ്ങള്‍ വ്യക്തമായി അറിയാം. ദക്ഷിണാഫ്രിക്കയെപ്പോലൊരു കരുത്തുറ്റ ടീമിനെ വീഴ്ത്തിയതുപോലെ ഇന്ത്യയെയും ഞെട്ടിക്കാന്‍ സാധിക്കുമെന്ന് കിവീസ് വിശ്വസിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: മിസ്റ്ററി ഓര്‍ഡിനറിയാകുന്നു, ഫൈനലില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോം ആശങ്കയോ?
ടി20 ലോകകപ്പ്: എല്ലാം കോലിക്ക് സമാനം, അഭിഷേക് ആവര്‍ത്തിക്കുമോ കിരീടം നേടിത്തന്ന ആ ഇന്നിങ്സ്?