
ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്‍ഫോം അല്ലാത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെ ഒഴിവാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അഭിഷേകിന് പകരം ഫിനിഷര്‍ റിങ്കു സിംഗിനെ ടീമിലെത്തിക്കണമെന്ന് കോച്ച് ഗൗതം ഗംഭീറിനോടും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോടും കൈഫ് ആവശ്യപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ തുറന്നുപറച്ചില്‍ നടത്തിയത്.
ടൂര്‍ണമെന്റിലുടനീളം നിരാശാജനകമായ പ്രകടനമാണ് അഭിഷേക് കാഴ്ചവെക്കുന്നത്. ഈ ലോകകപ്പില്‍ ഒരു തവണ മാത്രമാണ് താരത്തിന് 50 റണ്‍സ് കടക്കാനായത്. പവര്‍പ്ലേയില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് അഭിഷേകിനെ വീഴ്ത്തുക എന്ന തന്ത്രം എതിര്‍ ടീമുകള്‍ വിജയകരമായി നടപ്പിലാക്കുന്നു. നാല് തവണയാണ് താരം സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് നല്‍കിയത്. ലോകകപ്പിന് തൊട്ടുമുമ്പ് വയറിലെ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഭിഷേകിന് ശരീരഭാരം കുറഞ്ഞത് ബാറ്റ് സ്വിംഗിനെയും ബാധിച്ചതായി കൈഫ് നിരീക്ഷിക്കുന്നു. ആത്മവിശ്വാസം കുറഞ്ഞത് ഫീല്‍ഡിംഗിലും പ്രകടമാണ്.
കൈഫിന്റെ വാക്കുകള്‍... ''അഭിഷേകിന് ഒരു ഇടവേള നല്‍കുന്നതില്‍ തെറ്റില്ല. പകരം റിങ്കു സിംഗിനെപ്പോലെയുള്ള ഒരു കഴിവ് തെളിയിച്ച താരത്തെ ടീമിലെത്തിക്കണം. ഐപിഎല്ലിലും രഞ്ജി ട്രോഫിയിലുമെല്ലാം റണ്‍സ് അടിച്ചുകൂട്ടുന്ന റിങ്കു പുറത്തിരിക്കുമ്പോഴാണ് ഒരാള്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത്. സെമിയില്‍ സഞ്ജുവിനെ കൊണ്ടുവന്ന മാറ്റം ഇന്ത്യക്ക് ഗുണകരമായതുപോലെ ഈ മാറ്റവും ഗുണം ചെയ്യും.'' കൈഫ് പറഞ്ഞു.
സഞ്ജു സാംസണെയും അഭിഷേകിനെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും കൈഫ് വ്യക്തമാക്കി. ''സഞ്ജു 11 വര്‍ഷം മുമ്പ് അരങ്ങേറ്റം കുറിച്ച, എണ്ണായിരത്തിലധികം ടി20 റണ്‍സുള്ള ഒരു സീനിയര്‍ താരമാണ്. തന്റെ കഴിവ് അറിയിച്ചുകൊടുത്ത താരമാണ് സഞ്ജു ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയവരുടേയും കൂടുതല്‍ റണ്‍സ് നേടിയവരുടേയും പട്ടികയെടുത്താല്‍ ആദ്യ പത്തില്‍ സഞ്ജു ഉണ്ടാകും. എന്നാല്‍ അഭിഷേക് ഐസിസി ടൂര്‍ണമെന്റുകളുടെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ പഠിച്ചു വരുന്നതേയുള്ളൂ. ഇരുവരേയും താരതമ്യം ചെയ്യരുത്. 11 വര്‍ഷം മുമ്പ് ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ തുടങ്ങിയിട്ടുണ്ട് സഞ്ജു.'' കൈഫ് വ്യക്തമാക്കി.
അഭിഷേക് പരാജയപ്പെട്ട ഇടത്താണ് സഞ്ജു സാംസണ്‍ വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമെതിരെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ കളിച്ച് തുടര്‍ച്ചയായി 'പ്ലെയര്‍ ഓഫ് ദി മാച്ച്' പുരസ്‌കാരങ്ങള്‍ നേടിയത്. ഇന്ത്യയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ സഞ്ജുവിന് നിര്‍ണായക പങ്കുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!