ടെസ്റ്റില്‍ 300 വിക്കറ്റ് പൂര്‍ത്തിയാക്കി സൗത്തി; പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ കിവീസിന് മേല്‍ക്കൈ

By Web TeamFirst Published Dec 29, 2020, 2:39 PM IST
Highlights

അവസാനദിനം ന്യൂസിലന്‍ഡിലെ പിച്ചില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. അസര്‍ അലി (34), ഫവാദ് ആലം (21) എന്നിവരാണ് ക്രീസില്‍.

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 373 റണ്‍സ് വിജലക്ഷ്യവുമായ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാകിസ്ഥാന്‍ നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 71 എന്ന നിലയിലാണ്. ഒരു ദിനം ശേഷിക്കെ 302 റണ്‍സ് നേടിയാല്‍ പാകിസ്ഥാന് പരമ്പരയില്‍ മുന്നിലെത്താം. എന്നാല്‍ അവസാനദിനം ന്യൂസിലന്‍ഡിലെ പിച്ചില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. അസര്‍ അലി (34), ഫവാദ് ആലം (21) എന്നിവരാണ് ക്രീസില്‍.

ഷാന്‍ മസൂദ് (0), ആബിദ് അലി (0), ഹാരിസ് സൊഹൈല്‍ (9) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ഒരു ഘട്ടത്തില്‍ റണ്‍സൊന്നും കൂട്ടിച്ചേര്‍ക്കാനാവാതെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു പാകിസ്ഥാന്. പിന്നാലെ മൂന്നിന് 37 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് ആലം- അസര്‍ സഖ്യം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കൂട്ടത്തകര്‍ച്ച ഒഴിവാക്കിയത്. ടിം സൗത്തി കിവീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ സൗത്തിക്കായി. കിവീസിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ മൂന്നാമനാണ് സൗത്തി. ട്രന്റ് ബോള്‍ട്ടിനാണ് ഒരു വിക്കറ്റ്.

നേരത്തെ അഞ്ചിന് 185 എന്ന നിലയില്‍ നില്‍ക്കെ ന്യൂസിലന്‍ഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടോം ലാഥം (53), ടോം ബ്ലണ്ടല്‍ (64) എന്നിവരാണ് തിളങ്ങിയത്. കെയ്ന്‍ വില്യംസണ്‍ (21), ഹെന്റി നിക്കോള്‍സ് (11), ബിജെ വാട്‌ലിംഗ് (5) എന്നിവരാണ് പുറത്തായ താരങ്ങള്‍. റോസ് ടെയ്‌ലര്‍ (12), മിച്ചല്‍ സാന്റ്‌നര്‍ (6) പുറത്താവാതെ നിന്നു.

click me!