പരമ്പര തൂത്തുവാരാനുറച്ച് ഇന്ത്യയുടെ തീ ബൗളിംഗ്; ന്യൂസിലന്‍ഡ് മുന്‍നിരയ്‌ക്ക് തകര്‍ച്ച

By Web TeamFirst Published Feb 2, 2020, 2:52 PM IST
Highlights

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 163 റണ്‍സെടുത്തു

ബേ ഓവല്‍: ഇന്ത്യക്കെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ആശ്വാസജയം തേടിയിറങ്ങിയ കിവികള്‍ക്ക് ബേ ഓവലില്‍ തകര്‍ച്ചയോടെ തുടക്കം. 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ആതിഥേയര്‍ പവര്‍പ്ലേയില്‍ 41/3 എന്ന നിലയിലാണ്. മാര്‍ട്ടിന്‍ ഗപ്‌ടിലിനെ(2) ബുമ്രയും കോളിന്‍ മണ്‍റോയെ(15) വാഷിംഗ്‌ടണും പുറത്താക്കിയപ്പോള്‍ ടോം ബ്രൂസ്(0) റണ്‍ഔട്ടായി. റോസ് ടെയ്‌ലറും ടിം സീഫര്‍ട്ടുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 163 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടപ്പോള്‍ നായകന്‍ രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് 41 പന്തില്‍ 60 റണ്‍സെടുത്തു. സ്ഥിരം നായകന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതോടെയാണ് രോഹിത് നായകനായത്. ഇന്ന് വിജയിച്ചാല്‍ പരമ്പര 5-0ന് ടീം ഇന്ത്യ തൂത്തുവാരും. 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് കെ എല്‍ രാഹുലും മലയാളി താരം സഞ്ജു സാംസണും. എന്നാല്‍ രണ്ടാം ഓവറില്‍ ആദ്യ പ്രഹരമേറ്റു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറുടെ റോളിലെത്തിയ സഞ്ജു രണ്ട് റണ്‍സിന് പുറത്ത്. രോഹിത് ശര്‍മ്മ സ്വയം മൂന്നാം നമ്പറിലേക്ക് മാറി സഞ്ജുവിന് അവസരമൊരുക്കിയിട്ടും താരത്തിനത് മുതലാക്കാനായില്ല. വെല്ലിംഗ്‌ടണില്‍ നടന്ന നാലാം ടി20യില്‍ സഞ്ജു എട്ട് റണ്‍സില്‍ പുറത്തായിരുന്നു.

ആദ്യം രാഹുല്‍-രോഹിത്, പിന്നീട് രോഹിത്-ശ്രേയസ്

കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. ഇരുവരും രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് ചേര്‍ത്തു. മികച്ച ഫോം ബേ ഓവലിലും പുറത്തെടുത്ത രാഹുല്‍ 33 പന്തില്‍ 45 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ 35 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയെങ്കിലും 60 റണ്‍സില്‍ നില്‍ക്കേ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. ശിവം ദുബെക്ക് നേടാനായത് അഞ്ച് റണ്‍സ്. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 33 റണ്‍സും മനീഷ് പാണ്ഡെ നാല് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു. 
 

click me!