
ക്രൈസ്റ്റ്ചര്‍ച്ച്: ക്രൈസ്റ്റ്ചര്‍ച്ച് ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്സ് ലീഡ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 355 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്സില്‍ മൂന്നാം ദിനം 373 റണ്‍സെടുത്ത് പുറത്തായി. 18 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ന്യൂിസലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകള്ഡ നേടി മുന്‍തൂക്കം നേടുകയും ചെയ്തു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ശ്രീലങ്കക്ക് 65 റണ്‍സിന്‍റെ ആകെ ലീഡാണുള്ളത്. 20 റണ്‍സുമായി എയ്ഞ്ചലോ മാത്യൂസും രണ്ട് റണ്‍സോടെ പ്രഭാത ജയസൂര്യയുമാണ് ക്രീസില്‍. ഒഷാഡാ ഫെര്‍ണാണ്ടോ(28), ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ(17), കുശാല്‍ മെന്‍ഡിസ്(14) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കക്ക് നഷ്ടമായത്. ബ്ലെയര്‍ ടിക്നര്‍ക്കാണ് മൂന്ന് വിക്കറ്റും.
നേരത്തെ ഡാരില്‍ മിച്ചലിന്‍റെ സെഞ്ചുറിയുടെയും മാറ്റ് ഹെന്‍റിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് കിവീസ് ലങ്കക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡെടുത്തത്. 151-5 എന്ന സ്കോറില്‍ തകര്‍ന്ന കിവീസിനെ ഡാരില്‍ മിച്ചല്‍(102), ബ്രേസ്‌വെല്‍(25), സൗത്തി(25), മാറ്റ് ഹെന്‍റി(72), വാഗ്നര്‍(27) എന്നിവരുടെ ബാറ്റിംഗാണ് കരകയറ്റിയത്. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും ലഹിരു കുമാര മൂന്നും രജിത രണ്ടും വിക്കറ്റെടുത്തു.
ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റിലും ജയിച്ചാല്‍ മാത്രമെ ശ്രീലങ്കക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതയുള്ളു. രണ്ട് ദിവസം അവശേഷിക്കുന്ന ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ലങ്കക്ക് മികച്ച സ്കോര്‍ നേടാനായില്ലെങ്കില്‍ ന്യൂസിലന്‍ഡ് ജയിക്കുകയോ മത്സരം സമനിലയാവുകയോ ചെയ്യും. സമനിലയായാല്‍ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിന്‍റ ഫലം എന്തായാലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താം. ഓസ്ട്രേലിയ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!