രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം; വീണ്ടും നാണംകെട്ട് കോലി

By Web TeamFirst Published Mar 1, 2020, 10:29 AM IST
Highlights

പേസര്‍ ജസ്‌പ്രീത് ബുമ്ര ഫോമിലേക്ക് തിരിച്ചെത്തിയതും മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റുമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരെ രണ്ടാം ടെസ്റ്റില്‍ ഏഴ് റണ്‍സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യക്ക് തകര്‍ച്ച. 51 റണ്‍സിനിടെ മൂന്ന് മുന്‍നിര ബാറ്റ്സ്‌മാന്‍മാരും കൂടാരംകയറി. മായങ്ക് അഗര്‍വാള്‍(3), പൃഥ്വി ഷാ(14), വിരാട് കോലി 14) എന്നിങ്ങനെയാണ് സ്‌കോര്‍. തുടര്‍ച്ചയായ 22-ാം ഇന്നിംഗ്‌സിലും പരാജയപ്പെടുകയായിരുന്നു കിംഗ് കോലി. 

ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 23 ഓവറില്‍ 60-3 എന്ന സ്‌കോറിലാണ് ടീം ഇന്ത്യ. ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ഇന്ത്യക്കിപ്പോള്‍ ആകെ 67 റണ്‍സ് ലീഡായി. 

'ബുമ്ര ഈസ് ബാക്ക്'; ഇന്ത്യയുടെ പ്രത്യാക്രമണം

പേസര്‍ ജസ്‌പ്രീത് ബുമ്ര ഫോമിലേക്ക് തിരിച്ചെത്തിയതും മുഹമ്മദ് ഷമിയുടെ മിന്നല്‍ ബൗളിംഗുമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്. ഇന്ത്യയുടെ 242 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 73.1 ഓവറില്‍ 235ന് പുറത്തായി. രണ്ടാംദിനം മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു കോലിപ്പട. ബുമ്ര മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് ഷമി നാലുപേരെ മടക്കി. രവീന്ദ്ര ജഡേജ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി. 

ടോം ലാഥം(52), ടോം ബ്ലന്‍ഡല്‍(30), കെയ്‌ന്‍ വില്യംസണ്‍(3), റോസ് ടെയ്‌ലര്‍(15), ഹെന്‍‌റി നിക്കോള്‍സ്(14), ബി ജെ വാട്‌ലിങ്(0) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. എന്നാല്‍ വീണ്ടും ഒരിക്കല്‍ കൂടി എതിരാളികളുടെ വാലറ്റം ഇന്ത്യയെ വെള്ളംകുടിപ്പിച്ചു. ഗ്രാന്‍ഹോം 26 റണ്‍സെടുത്തപ്പോള്‍ വാഗ്‌നറെ 21ല്‍ നില്‍ക്കേ ജഡേജ പറക്കും ക്യാച്ചില്‍ പുറത്താക്കിയത് നിര്‍ണായകമായി. 63 പന്തില്‍ 49 റണ്‍സെടുത്ത ജമൈസണ്‍ അവസാനക്കാരനായി പുറത്തായതോടെ ഇന്ത്യ ലീഡ് നേടുകയായിരുന്നു. 

മൂന്ന് അര്‍ധ സെഞ്ചുറി; ഇതുതന്നെ മുഖ്യം ബിഗിലേ...

അഞ്ച് വിക്കറ്റുമായി ബൗളിംഗിലും ജമൈസണ്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ 60 ഓവറില്‍ 242 റണ്‍സില്‍ പുറത്താവുകയായിരുന്നു. പൃഥ്വി ഷാ(54), ചേതേശ്വര്‍ പൂജാര(54), ഹനുമ വിഹാരി(55) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. കോലിക്ക് മൂന്ന് റണ്‍സേ നേടാനായുള്ളൂ. വെറും 48 റണ്‍സിനിടെ അവസാന ആറ് വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായത് കനത്ത പ്രഹരമായി. ജമൈസണ്‍ 14 ഓവറില്‍ 45 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും രണ്ടുവീതവും നീല്‍ വാഗ്‌നര്‍ ഒരു വിക്കറ്റും നേടി. 

click me!