
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും പാകിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മാര്‍ക്ക് ചാപ്മാന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ 19.5 ഓവറില്‍ 204 റണ്‍സെടുത്തു. 44 പന്തില്‍ 94 റണ്‍സടിച്ച ചാപ്‌മാനാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ചാപ്‌മാന് പുറമെ ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്‌വെല്ലും ടിം സീഫര്‍ട്ടും ഡാരില്‍ മിച്ചലും മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ഫിന്‍ അലനെ(0) മടക്കിയ ഷഹീന്‍ അഫ്രീദിയാണ് കിവീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പവര്‍ പ്ലേ തീരും മുമ്പെ ടിം സീഫര്‍ട്ടിനെ(9 പന്തില്‍ 19) മടക്കി ഹാരിസ് റൗഫ് കിവീസ് കുതിപ്പ് തടഞ്ഞു. എന്നാല്‍ ഡാരില്‍ മിച്ചലിനെ ഒരറ്റത്ത് നിര്‍ത്തി തകര്‍ത്തടിച്ച ചാപ്‌മാന്‍ ന്യൂസിലന്‍ഡ് സ്കോര്‍ ഉയര്‍ത്തി. 11 പന്തില്‍ 17 റണ്‍സെടുത്ത മിച്ചല്‍ മടങ്ങിയെങ്കിലും ന്യൂസിലന്‍ഡ് അപ്പോഴേക്കും 100ന് അടുത്തെത്തിയിരുന്നു.
ഐപിഎല്ലില്‍ 500 റണ്‍സ് അടിച്ചാല്‍ ഇന്ത്യക്കായി കളിക്കാം, തുറന്നു പറഞ്ഞ് സുരേഷ് റെയ്ന
മിച്ചല്‍ മടങ്ങിയശേഷം അടി തുടര്‍ന്ന ചാപ്മാന്‍ 29 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. എന്നാല്‍ പിന്നീട് നേരിട്ട 15 പന്തില്‍ 44 റണ്‍സ് കൂടി അടിച്ചെടുത്ത് ന്യൂസിലന്‍ഡിനെ 150 കടത്തിയശേഷം പതിനഞ്ചാം ഓവറില്‍ മടങ്ങിയത് ന്യൂസിലന്‍ഡിന് തിരിച്ചടിയായി. ജിമ്മി നീഷാമം(3) മിച്ചല്‍ ഹാരിയും(9), ജമൈസണും(0) പെട്ടെന്ന് മടങ്ങിയെങ്കിലും ബ്രേസ്‌വെല്ലും(18 പന്തില്‍ 31), ഇഷ് സോധിയും(10) ചേര്‍ന്ന് കിവീസിന് 200 കടത്തി.
പാകിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് നാലോവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷഹീന്‍ അഫ്രീദിയും അബ്രാര്‍ അഹമ്മദും അബ്ബാസ് അഫ്രീദിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ പാകിസ്ഥാന് ഈ മത്സരം കൂടി തോറ്റാല്‍ പരമ്പര കൈവിടും.