അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിക്കരികെ ന്യൂസിലന്‍ഡ്; ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും വിയര്‍ക്കും

Published : Nov 04, 2022, 01:02 PM IST
അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിക്കരികെ ന്യൂസിലന്‍ഡ്; ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും വിയര്‍ക്കും

Synopsis

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് 150 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 37 റണ്‍സ് നേടിയ ഓപ്പണര്‍ സ്റ്റിര്‍ലിംഗാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡിന് ജയം. അഡ്‌ലെയ്ഡില്‍ 35 റണ്‍സിന്റെ ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ഏഴ് പോയിന്റോടെയാണ് കെയ്ന്‍ വില്യംസണും സംഘവും ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കുന്നത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനും മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കും അവസാന മത്സരങ്ങള്‍ നിര്‍ണായകമായി. വലിയ മാര്‍ജിനില്‍ ജയിച്ച് നെറ്റ്‌റണ്‍റേറ്റ് മറികടന്നാല്‍ മാത്രമെ ഇരുവര്‍ക്കും സെമിയിലെത്താന്‍ കഴിയൂ. +2.113 റണ്‍റേറ്റുള്ള കിവീസിനും സെമി ഉറപ്പിക്കാറായിട്ടില്ലെന്നാണ് വാസ്തവം. 

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് 150 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 37 റണ്‍സ് നേടിയ ഓപ്പണര്‍ സ്റ്റിര്‍ലിംഗാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ ആന്‍ഡ്രൂ ബാള്‍ബിര്‍നിയും (30) തിളങ്ങി. ഇരുവരും മികച്ച തുടക്കമാണ് അയര്‍ലന്‍ഡിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് പിറന്നു. എന്നാല്‍ ക്യാപ്റ്റന്‍ ബാള്‍ബിര്‍നി പോയതോടെ ഐറിഷ് കോട്ട ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

10.3 ഓവറില്‍ അവര്‍ മൂന്നിന് 73 എന്ന നിലയിലായി. സ്റ്റിര്‍ലിംഗിന് പിന്നാലെ ലോര്‍കന്‍ ടക്കര്‍ (13) നിരാശപ്പെടുത്തി. ഹാരി ടെക്റ്റര്‍, (2), ഗരേക് ഡെലാനി (10), ജോര്‍ജ് ഡോക്‌റെല്‍ (23), ക്വേര്‍ടിസ് കാംഫര്‍ (7), ഫിയോണ്‍ ഹാന്‍ഡ് (5), മാര്‍ക് അഡൈര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബാരി മക്കാര്‍ത്തി (6), ജോഷ്വ ലിറ്റില്‍ (8) എന്നിവര്‍ പുറത്താവാതെ നിന്നു. ലോക്കി ഫെര്‍ഗൂസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. കഴിഞ്ഞ മത്സരങ്ങളില്‍ മെല്ലെപ്പോക്കിന് പഴി കേട്ട വില്യംസണ്‍ 35 പന്തില്‍ 61 റണ്‍സടിച്ച് കിവീസിന്റെ ടോപ് സ്‌കോററായി. അയര്‍ലന്‍ഡിനായി ജോഷ്വാ ലിറ്റില്‍ മൂന്നും ഗാരെത് ഡെലാനി രണ്ടും വിക്കറ്റെടുത്തു.

വിക്കറ്റ് വേട്ടയിലും ജോഷ്വ ലിറ്റില്‍ റെക്കോര്‍ഡിട്ടു; ഭുവനേശ്വര്‍ കുമാറിനേയും പിന്തള്ളി ഒന്നാമത്

ടോസിലെ നഷ്ടം ന്യൂസിലന്‍ഡിനെ ബാറ്റിംഗില്‍ ബാധിച്ചില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെയും ഫിന്‍ അലനും പതിവുപോലെ തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ ന്യൂസിലന്‍ഡ് വിക്കറ്റ് നഷ്ടമില്ലാതെ 50 കടന്നു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ അലനെ(18 പന്തില്‍ 32), നഷ്ടമായി. രണ്ടാം വിക്കറ്റില്‍ കെയ്ന്‍ വില്യംസണും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് കിവീസിനെ 100ന് അടുത്തെത്തിച്ചു. 33 പന്തില്‍ 28 റണ്‍സെടുത്ത കോണ്‍വെയെ പന്ത്രണ്ടാം ഓവറില്‍ നഷ്ടമായശേഷം വില്യംസണ്‍ ഒറ്റക്ക് കിവീസ് സ്‌കോറുയര്‍ത്തി.

35 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തിയ വില്യംസണിന്റെ ഇന്നിംഗ്‌സാണ് കിവീസിനെ 150 കടത്തിയത്. ഗ്ലെന്‍ ഫിലിപ്‌സ്(9 പന്തില്‍ 17), ഡാരില്‍ മിച്ചല്‍(21 പന്തില്‍ 31) എന്നിവരും കിവീസ് സ്‌കോറിലേക്ക് സംഭാവന നല്‍കി.
 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്