മെല്‍ബണില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തണം, കോലിക്ക് പകരക്കാരനെയും പ്രഖ്യാപിച്ച് മഗ്രാത്ത്

By Web TeamFirst Published Dec 20, 2020, 3:03 PM IST
Highlights

മെല്‍ബണില്‍ 26-ാം തീയതി ആരംഭിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ രണ്ട് മാറ്റങ്ങള്‍ ഇന്ത്യക്ക് നിര്‍ദേശിച്ചിരിക്കുകയാണ് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. 

അഡ്‌ലെയ്‌ഡ്: ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്‍റെ ദയനീയ തോല്‍വി വഴങ്ങിയതോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം പിന്നിലായിക്കഴിഞ്ഞു. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നായകന്‍ വിരാട് കോലിയില്ലാതെയാണ് ഇറങ്ങേണ്ടത് എന്നത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ ആശങ്ക നല്‍കുന്നു. മെല്‍ബണില്‍ 26-ാം തീയതി ആരംഭിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ രണ്ട് മാറ്റങ്ങള്‍ ഇന്ത്യക്ക് നിര്‍ദേശിച്ചിരിക്കുകയാണ് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. 


    
'ഇന്ത്യ നന്നായി തുടങ്ങിയിരുന്നു. വിജയിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല. അവിശ്വസനീയമായ ബൗളിംഗ് പ്രകടനമാണ് ഓസ്‌ട്രേലിയ കാഴ്‌ചവെച്ചത് എന്ന് മഗ്രാത്ത് സോണി സ്‌പോര്‍ട്‌സിലെ പോസ്റ്റ് മാച്ച് ഷോയില്‍ പറഞ്ഞു'. 

'മത്സരം മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് വിരാട് കോലി. കോലിയില്ലാത്തത് ഇന്ത്യന്‍ ടീമില്‍ വലിയ വിടവ് സൃഷ്‌ടിക്കും. അതേസമയം മറ്റ് താരങ്ങള്‍ക്ക് മികവിലേക്കുയരാനുള്ള അവസരം കോലിയുടെ അഭാവം സൃഷ്‌ടിക്കുകയും ചെയ്യും. വിരാട് കോലിക്ക് പകരക്കാരനായി കെ എല്‍ രാഹുലിന് വരാന്‍ കഴിഞ്ഞേക്കും. ശുഭ്‌മാന്‍ ഗില്ലാണ് മറ്റൊരു ഓപ്‌ഷന്‍. ഇതാണ് ഇന്ത്യന്‍ ഇലവനില്‍ വരാന്‍ സാധ്യതയുള്ള മറ്റൊരു മാറ്റം' എന്നും' മഗ്രാ കൂട്ടിച്ചേര്‍ത്തു. 

അഡ്‌ലയ്‌ഡില്‍ പിങ്ക് പന്തില്‍ പകലും രാത്രിയുമായി നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയ ശേഷമാണ് തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 74 റണ്‍സെടുത്ത കോലിയുടെ മികവില്‍ 244 റണ്‍സ് നേടി. രവി അശ്വിന്‍ നാലും ഉമേഷ് യാദവ് മൂന്നും ജസ്‌പ്രീത് ബുമ്ര രണ്ടും വിക്കറ്റുമായി ആഞ്ഞടിച്ചപ്പോള്‍ ഓസ്‌ട്രേലിയ 191 റണ്‍സില്‍ പുറത്തായി. ഇതോടെ ഇന്ത്യ 53 റണ്‍സിന്‍റെ നിര്‍ണായക ലീഡ് നേടി. 

എന്നാല്‍ പിന്നീട് സംഭവിച്ചതെല്ലാം ഇന്ത്യന്‍ ആരാധകര്‍ക്ക് അവിശ്വസനീയമായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 36 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഒരു ബാറ്റ്സ്‌മാന്‍ പോലും രണ്ടക്കം കണ്ടില്ല. അഞ്ച് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുമായി ജോഷ് ഹേസല്‍വുഡും 10.2 ഓവറില്‍ 21 റണ്‍സിന് നാല് പേരെ മടക്കി പാറ്റ് കമ്മിന്‍സുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. മറുപടിയായി 90 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഓസീസിനെ 51 റണ്‍സെടുത്ത ജോ ബേണ്‍സ് അനായാസം ജയിപ്പിച്ചു. 

ഇന്ത്യക്ക് ഇരട്ടപ്രഹരം; മുഹമ്മദ് ഷമി ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്

click me!