
ബെംഗളൂരു: ആദ്യ ഇന്നിംഗ്സിലെ അപരാജിത സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റൻ തിലക് വർമ്മയുടെ ബാറ്റിംഗ് മികവിൽ നോർത്ത് സോണിനെ ഏഴ് വിക്കറ്റിന് തകർത്ത് സൗത്ത് സോൺ ദുലീപ് ട്രോഫി ഫൈനലിൽ. ബെംഗളൂരു സെന്‍റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടന്ന രണ്ടാം സെമിഫൈനലിന്‍റെ അവസാന ദിനത്തിലെ രണ്ടാം സെഷനിലാണ് സൗത്ത് സോൺ വിജയം ഉറപ്പാക്കിയത്. വിജയറൺ കുറിച്ചതിനൊപ്പം ക്യാപ്റ്റൻ തിലക് വർമ്മ തന്‍റെ അർധസെഞ്ചുറിയും പൂർത്തിയാക്കി.
അവസാന ദിനം എട്ടാം വിക്കറ്റിൽ നിഷാന്ത് സിന്ധുവും അൻഷുൽ കംബോജും ചേർന്ന് കൂട്ടിച്ചേർത്ത 60 റൺസിന്‍റെ കരുത്തിലാണ് നോർത്ത് സോൺ രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിന്നത്. എന്നാൽ മലയാളി പേസർ എം.ഡി നിധീഷ് ഈ കൂട്ടുകെട്ട് പൊളിച്ചതോടെ നോർത്ത് സോൺ തകർച്ചയിലായി. നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചതോടെ നോർത്ത് സോൺ രണ്ടാം ഇന്നിങ്സിൽ സൗത്ത് സോണിന് 181 റൺസിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. നിധീഷിന് പുറമെ കാവൂരി സായ് തേജ, ശ്രേയസ് ഗോപാൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
181 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് സോണിന് ഓപ്പണർമാരായ റിക്കി ഭുയിയും നാരായൺ ജഗദീശനും ചേർന്ന് 64 റൺസിന്‍രെ നല്ല തുടക്കം നൽകി. ജഗദീശൻ 43 റൺസെടുത്ത് പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ തിലക് വർമ്മ സ്മരൺ രവിചന്ദ്രനെ കൂട്ടുപിടിച്ച് 80 റൺസിന്‍റെ അപരാജിത കൂട്ടുകെട്ടിലൂടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച മുതൽ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് സൗത്ത് സോണും ഈസ്റ്റ് സോണും തമ്മിലുള്ള കലാശപ്പോരാട്ടം നടക്കുക. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഫൈനൽ മത്സരം സമനിലയിൽ കലാശിച്ചാൽ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ അടിസ്ഥാനത്തിലാകും വിജയികളെ പ്രഖ്യാപിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!