
സരവാക്: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് കുഞ്ഞന്മാാരായ നൈജീരിയ. സരവാക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ മഴയെ തുടര്‍ന്ന് 13 ഒവറാക്കി ചുരുക്കിയ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ആഫ്രിക്കാന്‍ ടീമിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നൈജീരിയ 13 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് നേടിയത്. 19 റണ്‍സ് നേടിയ ലില്ലിയന്‍ ഉഡെ ടീമിന്റെ ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ ലക്കി പിയറ്റി 18 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുക്കാനാണ് സാധിച്ചത്. ഗ്രൂപ്പ് സിയില്‍ രണ്ട് മത്സരങ്ങളും തോറ്റ് ന്യൂസിലന്‍ഡ് പുറത്താവുകയും ചെയ്തു.
ഒമ്പത് റണ്‍സാണ് അവസാന ഓവറില്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ നാല് പന്തില്‍ ഓരോ സിംഗിള്‍ ന്യൂസിലന്‍ഡ് നേടി. എന്നാല്‍ അഞ്ചാം പന്തില്‍ റണ്‍സില്ല. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍. എന്നാല്‍ രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ മാത്രമാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് സാധിച്ചത്. താഷ് വേക്ലിന്‍ (18) റണ്ണൗട്ടായി. അനിക് ടോഡ് (19), ഇവ് വോളണ്ട് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. എമ്മ മക്‌ലിയോഡ് (3), കേറ്റ് ഇര്‍വിന്‍ (0), ഡാര്‍സി റോസ് പ്രസാദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അയാന്‍ ലാംബാറ്റ് (6) പുറത്താവാതെ നിന്നു.
നേരത്തെ ലക്കി, ലില്ലിയാന്‍ എന്നിവര്‍ക്ക് പുറമെ മറ്റാര്‍ക്കും നൈജീരിയന്‍ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല. വിക്ടറി ഇഗ്ബിനെഡിയോണ്‍ (1), പെകുലിയര്‍ അഗ്‌ബോയ (3), ക്രിസ്റ്റബെല്‍ (4), അന്നോയ്ന്റഡ് അഖിഗ്‌ബെ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദെബോറ ബാസി (5), ഒമൊസിഗോ എഗ്വാകുന്‍ (9) പുറത്താവാതെ നിന്നു.
നേരത്തെ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കയോടും തോറ്റിരുന്നു. രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടതോടെ ന്യൂസിലന്‍ഡ് പുറത്തായി. നൈജീരിയ - സമോവ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ മൂന്ന് പോയിന്റുമായി നൈജീരിയ ഒന്നാമതായി. ഇന്ന് ദുര്‍ബലരായ സമോവയെ തോല്‍പ്പിക്കാനായാല്‍ ദക്ഷിണാഫ്രിക്ക നാല് പോയിന്റോടെ ഒന്നാമതെത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!