അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ആറാം തവണയും കിരീടം നേടി.
ഹരാരെ: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ആറാം തവണയും യുവരാജാക്കന്മാാരയത്. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവന്‍ഷിയുടെ (80 പന്തില്‍ 175) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സിന് എല്ലാവുരും പുറത്തായി. 115 റണ്‍സ് നേടിയ കലേബ് ഫാല്‍കോണറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ ഡോക്കിന്‍സ് 66 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ആര്‍ എസ് ആംബ്രിഷ് മൂന്നും ദീപേഷ് ദേവേന്ദ്രന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് തുടകത്തില്‍ തന്നെ ജോസഫ് മൂര്‍സിന്റെ (17) വിക്കറ്റ് നഷ്ടമായി. ആംബ്രിഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് ഡോക്കിന്‍സ് - ബെന്‍ മയേസ് (45) സഖ്യം 74 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മയേസിനെ പുറത്താക്കി ഖിലന്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഡോക്കിന്‍സ് - തോമസ് റ്യൂ (31) സഖ്യം 49 റണ്‍സും കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കെത്തുമെന്ന് തോന്നിച്ചെങ്കിലും റ്യൂവിനെ പുറത്താക്കി കനിഷ്‌ക് ചൗഹാന്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഡോക്കിന്‍സിനെ ആയുഷ് മാത്രെയും മടക്കി. മധ്യനിരയില്‍ റാല്‍ഫി ആല്‍ബെര്‍ട്ട് (0), ഫര്‍ഹാന്‍ അഹമ്മദ് (1), സെബാസ്റ്റ്യന്‍ മോര്‍ഗന്‍ (0) എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. എന്നാല്‍ ജെയിംസ് മിന്റോയ്‌ക്കൊപ്പം (28) ചേര്‍ന്ന് ഫാല്‍കോണര്‍ 92 റണ്‍സ് കൂട്ടിചേര്‍ത്തു. മിന്റോയെ പുറത്താക്കി ആംബ്രിഷാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. തുടര്‍ന്നെത്തിയ മാന്നി ലുംസ്‌ഡെന്‍ (3) വന്നത് പോലെ മടങ്ങി. വൈകാതെ ഫാല്‍കോണര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. സെഞ്ചുറിക്ക് ശേഷവും താരം തകര്‍ത്തടിച്ചെങ്കിലും 41-ാം ഓവറില്‍ വീണു. 67 പന്തുകള്‍ നേരിട്ട താരം ഏഴ് സിക്‌സും ഒമ്പത് ഫോറും നേടി. അലക്‌സ് ഗ്രീന്‍ (0) പുറത്താവാത നിന്നു.
നേരത്തെ, വൈഭവിന് പുറമെ ആയുഷ് മാത്രെ (53) അര്‍ധെ സെഞ്ചുറി നേടി. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. സെമിയില്‍ അഫ്ഗാനെതിരെ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും 11 പന്തില്‍ 9 റണ്‍സെടുത്ത് അലക്‌സ് ഗ്രീനിന്റെ പന്തില്‍ ബെന്‍ മയെസിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവും ആയുഷ് മാത്രെയും തകര്‍ത്തടിച്ചതോടെ എട്ടാം ഓവറില്‍ ഇന്ത്യ 50 കടന്നു. ഇരുവരും 142 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ മാത്രെ മടങ്ങി. അലക്‌സ് ഗ്രീനിന്റെ പന്തില്‍ മയേസിന് ക്യാച്ച്.
വൈകാതെ വൈഭവ് സെഞ്ചുറി പൂര്‍ത്തിയാക്കി. വേദാന്ത് ത്രിവേദിക്കൊപ്പം 89 റണ്‍സ് ചേര്‍ത്ത ശേഷമാണ് വൈഭവ് മടങ്ങിയത്. 15 വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. ഗ്രീനിന് വിക്കറ്റ് നല്‍കിയാണ് വൈഭവ് മടങ്ങുന്നത്. വൈഭവിന് ശേഷം വേദാന്ത് (32), വിഹാല്‍ മല്‍ഹോത്ര (30), അഭിഗ്യാന്‍ കുണ്ടു (40) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം പുരത്തെടുത്തു. കനിഷ് ചൗഹാന്‍ 20 പന്തില്‍ പുറത്താവാതെ നേടിയ 37 റണ്‍സ് സ്‌കോര്‍ 400 കടത്താന്‍ സഹായിച്ചു. ദീപേഷ് ദേവേന്ദ്രന്‍ (0) പുറത്താവാതെ നിന്നു.
ആര്‍എസ് ആംബ്രിഷ് (18), ഖിലന്‍ പട്ടേല്‍ (3), ഹെനില്‍ പട്ടേല്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ജെയിംസ് മിന്റോ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. സെബാസ്റ്റിയന്‍ മോര്‍ഗന്‍, അലക്‌സ് ഗ്രീന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

