
ധാക്ക: ഇന്ത്യ വേദിയാകുന്ന ട്വന്‍റി 20 ലോകകപ്പിനായി ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ തർക്കം വരാനിരിക്കുന്ന ടി20 ലോകകപ്പിന്‍റെ നടത്തിപ്പിനെപ്പോലും ബാധിച്ചിരിക്കുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റെക്കോർഡ് തുകയ്ക്ക് (9.2 കോടി രൂപ) സ്വന്തമാക്കിയ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് പുറത്താക്കാൻ ബിസിസിഐ നിർദ്ദേശം നൽകിയതാണ് തർക്കങ്ങളുടെ തുടക്കം.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ബംഗ്ലാദേശ് ക്രിക്കറ്റ് പ്രേമികളെയും സർക്കാരിനെയും പ്രകോപിപ്പിച്ചു. ഇതോടെ ഫെബ്രുവരിയിൽ ഇന്ത്യയും ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ഐസിസി തള്ളി. നിലവിലെ ഷെഡ്യൂളിൽ മാറ്റമില്ലെന്നും ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ പോയിന്‍റുകൾ നഷ്ടപ്പെടുമെന്നും ഐസിസി അറിയിച്ചു.
എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വീണ്ടും കത്തെഴുതാൻ ഒരുങ്ങുകയാണ്. രാജ്യത്തിന്‍റെ അന്തസ് പണയപ്പെടുത്തിക്കൊണ്ട് ലോകകപ്പിൽ പങ്കെടുക്കില്ല. കളിക്കാർക്കും കാണികൾക്കും മാധ്യമപ്രവർത്തകർക്കും ഇന്ത്യയിൽ സുരക്ഷയുണ്ടാകുമെന്ന് കരുതുന്നില്ലെന്നാണ് ബംഗ്ലാദേശിന്‍റെ സ്പോർട്സ് അഡ്വൈസർ ആസിഫ് നസ്രുൾ പ്രതികരിച്ചത്.
മുസ്തഫിസുറിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ ഐപിഎൽ മത്സരങ്ങൾ കാണിക്കുന്നത് സർക്കാർ അനിശ്ചിതകാലത്തേക്ക് നിരോധിച്ചിട്ടുണ്ട്. ജനുവരി അഞ്ചിനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. പൊതുജനങ്ങളുടെ വികാരം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!