
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ സൗഹൃദം പങ്കിടാനോ മുതിരാതെ അകലം പാലിച്ച് ഇന്ത്യൻ താരങ്ങള്‍. ടോസിനുശേഷം പതിവുള്ള ഹസ്തദാനം ഒഴിവാക്കിയ ഇരു ക്യാപ്റ്റന്‍മാരും മത്സരം പൂര്‍ത്തിയാക്കിയശേഷവും പതിവ് ഹസ്തദാനത്തിന് മുതിര്‍ന്നില്ലെന്നത് ശ്രദ്ധേയമായി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സിക്സര്‍ പറത്തിയാണ് ലക്ഷ്യത്തിലെത്തിച്ചത്.
വിജയറണ്ണെടുത്തശേഷം ശിവം ദുബെക്ക് കൈ കൊടുത്തശേഷം പാക് താരങ്ങള്‍ക്ക് മുഖം കൊടുക്കാതെ സൂര്യയും ശിവം ദുബെയും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. പാക് താരങ്ങളാരും ഇന്ത്യൻ താരങ്ങള്‍ക്ക് അരികിലെത്തി വിജയത്തില്‍ അഭിനന്ദിക്കാനോ കൈ കൊടുക്കാനൊ മുതിര്‍ന്നില്ല. മത്സരത്തിനുശേഷം ഇരു ടീമിലെയും കളിക്കാര്‍ പരസ്പരം പതിവായി ചെയ്യാറുള്ള ഹസ്തദാനവും ഉണ്ടായില്ല. ഇന്ത്യ ജയം പൂര്‍ത്തായിക്കിയശേഷം ഇന്ത്യൻ താരങ്ങളാരും ഡ്രസ്സിംഗ് റൂമില്‍ നിന്നിറങ്ങിവന്ന് പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ തയാറായതുമില്ല. ഇന്ത്യൻ താരങ്ങള്‍ ഇറങ്ങിവരുമെന്ന് പ്രതീക്ഷിച്ച് പാക് താരങ്ങള്‍ അല്‍പനേരം ഗ്രൗണ്ടില്‍ നിന്ന് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിനുനേരെ നോക്കിയെങ്കിലും ഡ്രസ്സിംഗ് റൂമിന്‍റെ പുറത്തേക്കുള്ള ജനാലകള്‍ അടക്കുന്ന കാഴ്ച കണ്ട് അവര്‍ തിരിച്ചു നടന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന് ആവശ്യം ശക്തമായ പശ്ചാത്തലത്തിലായിരുന്നു ഇന്ന് മത്സരം നടന്നത്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് പതിവായി എത്താറുള്ള സെലിബ്രിറ്റികളോ ബിസിസിഐ ഉന്നതരോ ഒന്നും ഇന്നത്തെ മത്സരത്തിനായി സ്റ്റേഡിയത്തിൽ എത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമായി. പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധങ്ങളും നടന്നിരുന്നു.
ഏഷ്യാ കപ്പിലെ അഭിമാന പോരാട്ടത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഴ് പന്തില്‍ 10 റൺസെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബെ ഏഴ് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക