
മുംബൈ: ഓസ്ട്രേലിയ എക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയക്കെിരായ ഏകദിന പരമ്പരക്കുള്ള സീനിയര്‍ ടീമില്‍ തിരിച്ചെത്തുമെന്ന് കരുതുന്ന വിരാട് കോലിയെയും രോഹിത് ശര്‍മയെയും ടീമിലുള്‍പ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയ എക്കെതിരായ ആദ്യ മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ രജത് പാട്ടീദാര്‍ നയിക്കുമ്പോള്‍ രണ്ടും മൂന്നും ഏകദിനത്തിനുള്ള ടീമിനെ ഏഷ്യാ കപ്പിനുശേഷം തിരിച്ചെത്തുന്ന തിലക് വര്‍മയാണ് നയിക്കുക. രണ്ടും മൂന്നും മത്സരത്തിനുള്ള ടീമില്‍ രജത് പാട്ടീദാറുമുണ്ട്. പ്രഭ്‌സിമ്രാൻ സിംഗും അഭിഷേക് പോറെലുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.
ഐപിഎല്ലില്‍ തിളങ്ങിയ പ്രിയാന്‍ഷ് ആര്യ ആദ്യ ഏകദിനത്തിനുള്ള എ ടീമിലെത്തിയപ്പോള്‍ ഏഷ്യാ കപ്പില്‍ കളിക്കുന്ന അഭിഷേക് ശര്‍മ രണ്ടും മൂന്നും ഏകദിനത്തിനുള്ള ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരെ അടുത്ത മാസം നടക്കുന്ന ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ ഇന്ത്യൻ സീനിയര്‍ ടീം ക്യാപ്റ്റനായി തിരിച്ചെത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഐപിഎല്ലിനുശേഷം ഇരുവരും മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലെങ്കിലും രോഹിത് കഴിഞ്ഞ മാസം ദേശീയ ക്രിക്കറ്റ് അക്കാദമിയിലും കോലി ലണ്ടനിലും ഫിറ്റ്നെസ് ടെസ്റ്റില്‍ വിജയിച്ചിരുന്നു. ഇരവരും ആവശ്യപ്പെടുകയാണെങ്കില്‍ മാത്രമെ ഓസ്ട്രേലിയ എക്കെതിരെ ടീമിലുള്‍പ്പെടുത്തേണ്ട ആവശ്യമുള്ളൂവെന്നായിരുന്നു സെലക്ടര്‍മാരുടെ നിലപാട്. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 3, 5 തീയതികളില്‍ കാണ്‍പൂരിലാണ് ഓസ്ട്രേലിയ എക്കെതിരെ ഇന്ത്യ എ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ കളിക്കുക.
ഓസ്ട്രേലിയ എക്കെതിരായ ആദ്യ ഏകദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം: രജത് പാട്ടിദാർ (ക്യാപ്റ്റൻ), പ്രഭ്‌സിമ്രാൻ സിംഗ്, റിയാൻ പരാഗ്, ആയുഷ് ബദോണി, സൂര്യൻഷ് ഷെഡ്‌ജെ, വിപ്രജ് നിഗം, നിഷാന്ത് സിന്ധു, ഗുർജപ്‌നീത് സിംഗ്, യുദ്ധ്‌വീർ സിംഗ്, രവി ബിഷ്‌ണോയ്, അഭിഷേക് പോറെൽ, പ്രിയാൻഷ് ആര്യ, സിമ്രജീത് സിംഗ്.
ഓസ്ട്രേലിയ എക്കെതിരായ രണ്ടും മൂന്നും ഏകദിനങ്ങൾക്കുള്ള ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), രജത് പാട്ടിദാർ(വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, പ്രഭ്‌സിമ്രാൻ സിംഗ്, റിയാൻ പരാഗ്, ആയുഷ് ബദോണി, സൂര്യൻഷ് ഷെഡ്‌ജെ, വിപ്രജ് നിഗം, നിഷാന്ത് സിന്ധു, ഗുർജപ്‌നീത് സിംഗ്, രവി ബിഷ്ണോയ്, ഹർഷിത് റാണ, അഭിഷക് പോറെല്‍, അർഷ്ദീപ് സിംഗ്, യുദ്ധവീര്‍ സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക