Asianet News MalayalamAsianet News Malayalam

'ഒരുപാട് മെച്ചപ്പെടാനുണ്ട്'; അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ഐപിഎല്ലില്‍ കളിപ്പിക്കാത്തതിനെ കുറിച്ച് ഷെയ്ന്‍ ബോണ്ട്

മുംബൈക്ക് വേണ്ടി ആഭ്യന്തര മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. ആഭ്യന്തര സീസണിലായിരുന്നു അത്. 'ടി20 മുംബൈ' ലീഗില്‍ അര്‍ജുന്‍ കളിച്ചിരുന്നു. അര്‍ജുനെ എന്തുകൊണ്ട് കളിപ്പിക്കുന്നില്ലെന്നുള്ളതിനെ കുറിച്ച് സംസാരിക്കുകയാണ് കോച്ചും മുന്‍ ന്യൂസിലന്‍ഡ് പേസരുമായ ഷെയ്ന്‍ ബോണ്ട്.

mumbai indians bowling coach shane bond on arjun tendulkar
Author
Mumbai, First Published Jun 3, 2022, 1:32 PM IST

മുംബൈ: ഇത്തവണ ഐപിഎല്‍ (IPL 2022) താരലേലത്തില്‍  30 ലക്ഷത്തിനാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ (Arjun Tendulkar) മുംബൈ ഇന്ത്യന്‍സിലെത്തിയത്. എന്നാല്‍ ഒരിക്കല്‍ പോലും അര്‍ജുന് കളിക്കാന്‍ അവസരം ലഭിച്ചില്ല. ടിം ഡേവിഡ്, രമണ്‍ദീപ് സിംഗ്, സഞ്ജയ് യാദവ്, കുമാര്‍ കാര്‍ത്തികേയ, ഡിവാള്‍ഡ് ബ്രേവിസ്, ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് എന്നിവര്‍ മുംബൈ ജേഴ്‌സിയില്‍ അരങ്ങേറിയിരുന്നു. എന്നിട്ടും ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് (Sachin Tendulkar) അവസരം ലഭിച്ചില്ല. കഴിഞ്ഞ തവണയും അര്‍ജുന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഈ സീസണിലെങ്കിലും അവസരം നല്‍കുമെന്ന് ക്രിക്കറ്റ് ആരാധകര്‍ കരുതി.

മുംബൈക്ക് വേണ്ടി ആഭ്യന്തര മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. ആഭ്യന്തര സീസണിലായിരുന്നു അത്. 'ടി20 മുംബൈ' ലീഗില്‍ അര്‍ജുന്‍ കളിച്ചിരുന്നു. അര്‍ജുനെ എന്തുകൊണ്ട് കളിപ്പിക്കുന്നില്ലെന്നുള്ളതിനെ കുറിച്ച് സംസാരിക്കുകയാണ് കോച്ചും മുന്‍ ന്യൂസിലന്‍ഡ് പേസരുമായ ഷെയ്ന്‍ ബോണ്ട്. ബാറ്റിംഗ്, ഫീല്‍ഡിംഗ് ഈ മേഖലയിലെല്ലാം താരം മെച്ചപ്പെടേണ്ടതുണ്ടെന്നാണ് ബോണ്ട് പറയുന്നത്. 

അതിനായി അര്‍ജുന്‍ പ്രയത്‌നിക്കണമെന്നും ബോണ്ട് പറയുന്നു. മുന്‍ താരത്തിന്റെ വാക്കുകള്‍... ''ചില മേഖലകളില്‍ അവന്‍ മെച്ചപ്പെടേണ്ടതുണ്ട്. മുംബൈ ഇന്ത്യന്‍സിനെ പോലെ ഒരു ടീമിന് വേണ്ടി കളിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. അതിനുവേണ്ട പരിശീലനമെല്ലാം നല്‍കിവരുന്നുണ്ട്. ഉയര്‍ന്ന തലത്തിലാണ് അര്‍ജുന്‍ കളിക്കുന്നത്. അതുകൊണ്ടുതന്നെ അവന്‍ ബാറ്റിംഗും ഫീല്‍ഡിംഗും മെച്ചപ്പെടുത്തണം. എങ്കില്‍ മാത്രമെ ടീമില്‍ ഇടം ലഭിക്കൂ. മാറ്റമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.'' ബോണ്ട് വ്യക്തമാക്കി.

ടീമില്‍ അവസരം ലഭിക്കുമോ എന്നതിനെ കുറിച്ചോര്‍ത്തിരിക്കുന്നതെന്ന് സച്ചിനും അര്‍ജുന് ഉപദേശം നല്‍കിയിരുന്നു. ''ഐപിഎല്‍ സീസണ്‍ അവസാനിച്ചു. ടീം സെലക്ഷനില്‍ ഞാനിടപ്പെടാരില്ല. എല്ലാം ടീം മാനേജ്‌മെന്റിന് വിടുകയാണ് ചെയ്യുന്നത്. കാരണം ഞാനങ്ങനെയാണ് ശീലിച്ചു പോന്നിട്ടുള്ളത്. ടീമില്‍ അവസരം ലഭിക്കുമോ എന്നതിനെ കുറിച്ചോര്‍ക്കാതിരിക്കുക.'' സച്ചിന്‍ നേരത്തെ വ്യക്തമാക്കി.

അവസാന സ്ഥാനത്താണ് മുംബൈ സീസണ്‍ അവസാനിപ്പിച്ചത്. രോഹിത് ശര്‍മ നയിച്ച ടീമിന് 14 മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. ചെന്നൈയ്ക്കും എട്ട് പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ മുംബൈ ഏറെ പിന്നിലായിരുന്നു.
 

Follow Us:
Download App:
  • android
  • ios