
മുംബൈ: ഇന്ത്യ ക്രിക്കറ്റ് ടീമിന്‍റെ (Team India) ടെസ്റ്റ് നായക പദവിയില്‍ നിന്നുള്ള വിരാട് കോലിയുടെ (Virat Kohli) പടിയിറക്കം വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് നിരയെ വിദേശത്ത് വന്‍ വിജയങ്ങളിലേക്ക് നയിച്ച 33കാരനായ കിംഗ് കോലി (King Kohli) ക്യാപ്റ്റന്‍സി ഒഴിയുമെന്ന് ആരും കരുതിയതല്ല. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകസ്ഥാനത്തുനിന്ന് കോലിയുടെ പടിയിറക്കം പൂര്‍ത്തിയാവുകയും ചെയ്തു. കോലിയുടെ രാജിയെ കുറിച്ച് തന്‍റെ പ്രതികരണം നടത്തിയിരിക്കുകയാണ് സഹതാരം ഷര്‍ദ്ദുല്‍ ഠാക്കൂര്‍ (Shardul Thakur).
'എല്ലാവര്‍ക്കും അതൊരു വൈകാരിക മുഹൂര്‍ത്തമായിരുന്നു. കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയുമെന്ന് ആരും കരുതിയതല്ല. കോലിയുടെ ക്യാപ്റ്റന്‍സിയില്‍, പ്രത്യേകിച്ച് വിദേശത്ത് ടീം ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. വിദേശത്ത് തോറ്റ പരമ്പരകള്‍ തലനാരിഴയ്‌ക്കായിരുന്നു. കോലിക്ക് കീഴില്‍ ടീം നന്നായി കളിച്ചുകൊണ്ടിരുന്നതിനാല്‍ അദേഹത്തിന്‍റെ രാജി ആരും പ്രതീക്ഷിച്ചതല്ല. എന്തായാലും കോലി തന്‍റെ തീരുമാനമെടുത്തു. അതിനെ എല്ലാവരും ബഹുമാനിക്കുകയാണ് വേണ്ടത്' എന്നും ഠാക്കൂര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ 2022 ജനുവരി 15ന് ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നിന്ന് ക്യാപ്റ്റന്‍സി ഒഴിയുകയായിരുന്നു വിരാട് കോലി. ലോകകപ്പിന് ശേഷം ടി20 നായകപദവിയൊഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിനെചൊല്ലി കോലിയും ബിസിസിഐയും തമ്മില്‍ വാക്‌വാദം വരെയുണ്ടായി. രോഹിത് ശര്‍മ്മ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇരു ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകനായപ്പോള്‍ പുതിയ ടെസ്റ്റ് ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനെന്ന ഖ്യാതി വിരാട് കോലിക്ക് സ്വന്തമാണ്. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയശതമാനം. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ നയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു.