
മുംബൈ: അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മുൻ നായകൻ രോഹിത് ശർമ്മ കളിക്കാനുള്ള സാധ്യതകൾ തെളിയുന്നു. രോഹിതിന് ബിസിസിഐ പൂർണ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമമായത്. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് നേരത്തെ വിരമിച്ച രോഹിതിന്‍റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചിട്ടില്ലെന്നും താരം ഏകദിനത്തിൽ തുടരുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. ഇന്ത്യൻ ടീമിന്‍റെ അവലോകന യോഗത്തിന് ശേഷമാണ് ബിസിസിഐ സെക്രട്ടറി നിലപാട് അറിയിച്ചത്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി രോഹിതിന്‍റെ ഏകദിന കരിയർ അവസാനിച്ചു എന്ന നിഗമനത്തിലെത്തിയ ഘട്ടത്തിലാണ് ബോർഡ് ബോർഡ് നിലപാട് വ്യക്തമാക്കിയതെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ രോഹിത് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ലോർഡ്സിൽ തകർപ്പൻ സെഞ്ചുറി നേടിയ രോഹിത് വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. 2026-ൽ 9 ഏകദിന മത്സരങ്ങളിൽ നിന്ന് 42.11 ശരാശരിയിൽ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയുമടക്കം 379 റൺസാണ് രോഹിത് നേടിയത്. 39 വയസായെങ്കിലും പവർപ്ലേയിൽ രോഹിതിന്‍റെ പ്രഹരശേഷി ഇന്ത്യക്ക് മുതൽക്കൂട്ടാവുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ.
അതേസമയം, രോഹിതിന്‍റെ ഫിറ്റ്നസ് ആശങ്കയായി തുടരുന്നുണ്ട്. യുവതാരങ്ങളായ ശുഭ്മാൻ ഗില്ലും യശസ്വീ ജയ്സ്വാളും ഓപ്പണിംഗിൽ മിന്നും ഫോമിൽ തുടരുന്നതും രോഹിതിന് വെല്ലുവിളിയാണ്. ഭാവി മുൻനിർത്തി ഗില്ലിനൊപ്പം ജയ്സ്വാൾ ഓപ്പൺ ചെയ്യണമെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ താൽപര്യം. ഈ മാസം 27 മുതൽ ഒക്ടോബർ 3 വരെ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും തുടർന്നുള്ള ന്യൂസിലൻഡ് പരമ്പരയിലും കാഴ്ചവെക്കുന്ന പ്രകടനവും ഫിറ്റ്നസുമായിരിക്കും രോഹിതിന്‍റെ ലോകകപ്പ് സ്വപ്നങ്ങളിൽ നിർണായകമാവുക. ഏകദിനങ്ങളില്‍ 288 മത്സരങ്ങളിൽ നിന്ന് 34 സെഞ്ചുറികളടക്കം11,895 റൺസ് രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.
യുവതാരം വൈഭവ് സൂര്യവംശിയുടെ കരിയറിൽ വലിയ പ്രതീക്ഷയുണ്ടെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. പ്രതീക്ഷകളുടെ അമിതഭാരം വൈഭവിന്‍റെ മികവിനെ ബാധിക്കാതിരിക്കാൻ ബോർഡ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന മികച്ചൊരു കരിയറാണ് വൈഭവിൽ ബിസിസിഐ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!