'ഞാന്‍ മുഖത്ത് നോക്കി കാര്യം പറയും'; കോലി- രോഹിത് പ്രശ്‌നങ്ങളുണ്ടോയെന്ന ചോദ്യത്തിന് ശാസ്ത്രിയുടെ മറുപടി

By Web TeamFirst Published Sep 2, 2021, 3:42 PM IST
Highlights

ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച ഫോമിലാണ് രോഹിത് ശര്‍മ. മൂന്ന് ടെസ്റ്റില്‍ 230 റണ്‍സ് നേടിയിട്ടുള്ള രോഹിത് ഇന്ത്യയുടെ മികച്ച റണ്‍വേട്ടക്കാരില്‍ രണ്ടാമതുണ്ട്.

ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ദീര്‍ഘകാലമായുള്ള സംസാരമാണ്. എന്നാല്‍ കളത്തില്‍ ഇരുവരും അത്തരത്തില്‍ പ്രശ്‌നങ്ങളുള്ളതായി വിശ്വാസയോഗ്യമായ തെളിവൊന്നുമില്ല. ഇരുവരും സമയം പങ്കിടുന്നതും കാണാറുണ്ട്. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും ഇതുതന്നെയാണ് പറയുന്നത്. ഇരുവരും തമ്മില്‍ യാതൊരുവിധ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ശാസ്ത്രിയുടെ പക്ഷം.

അവര്‍ക്കിടയില്‍ വലിയ സഹകരണമുണ്ടെന്നാണ് ശാസ്ത്രി പറയുന്നത്. കോച്ചിന്റെ വാക്കുകള്‍... ''പുറത്തുള്ള സംസാരം പോലെ അവര്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. നല്ല സഹകരണം മാത്രമാണുള്ളത. ഏതെങ്കിലും തരത്തില്‍ ടീമിനെ ബാധിക്കുന്ന വിധത്തിലുള്ള പ്രശ്‌നങ്ങളൊന്നും അവര്‍ തമ്മിലില്ല. ടീമിനെ ബാധിക്കുന്നതാണെങ്കില്‍ ഞാനത് കോലിയോടും രോഹിത്തിനോടും മുഖത്ത് നോക്കിതന്നെ പറയും.

എനിക്കും ടീമിനും എന്താണോ വേണ്ടത് അത് വ്യക്തമായി പറയുന്ന ആളാണ് ഞാന്‍. ഇത്തരത്തില്‍ ഒരു ചോദ്യം 2019 ലോകകപ്പിന് ശേഷവും ഉയര്‍ന്നിരുന്നു. അന്നാവട്ടെ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആ പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്ക സാധിക്കില്ല. ഡ്രസിംഗ് റൂമിലെ അന്തരീക്ഷം പ്രധാനമാണ്. എല്ലാം നിങ്ങള്‍ക്ക് വീഡിയോ എടുത്ത് കാണിച്ച് തരാന്‍ കഴിയില്ല. ഇത്തരം വാര്‍ത്തകളെല്ലാം ചിരിച്ചുതള്ളുകയല്ലാതെ മറ്റുവഴിയില്ല.'' ശാസ്ത്രി വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച ഫോമിലാണ് രോഹിത് ശര്‍മ. മൂന്ന് ടെസ്റ്റില്‍ 230 റണ്‍സ് നേടിയിട്ടുള്ള രോഹിത് ഇന്ത്യയുടെ മികച്ച റണ്‍വേട്ടക്കാരില്‍ രണ്ടാമതുണ്ട്. കഴിഞ്ഞ ദിവസം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കോലിയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറാനും രോഹിത്തിനായിരന്നു.

click me!