അംപയർമാർ അഞ്ചു തവണ പരിശോധന നടത്തിയെങ്കിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കി മത്സരം ഉപേക്ഷിച്ചു.

ലഖ്നൗ: കനത്ത മൂടൽ മഞ്ഞ് കാരണം ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഒമ്പതരക്ക് അവസ്ഥ പരിശോധിച്ച അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആറരയ്ക്കു നിശ്ചയിച്ചിരുന്ന ടോസ്, എട്ടരയ്ക്കു ശേഷവും ഇടാൻ സാധിച്ചില്ല. അംപയർമാർ അഞ്ചു തവണ പരിശോധന നടത്തിയെങ്കിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കി മത്സരം ഉപേക്ഷിച്ചു. ഇതോടെ പരമ്പരയിലെ ഒരുമത്സരത്തിലെങ്കിലും കളിക്കാമെന്ന മലയാളി താരം സഞ്ജു സാംസന്റെ ആ​ഗ്രഹം സഫലമായില്ല. അന്തിമ ഇലവനെ പ്രഖ്യാപിച്ചില്ലെങ്കിലും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പരിക്കേറ്റ് പുറത്തായതിനാൽ സഞ്ജുവിന് സാധ്യതയുണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ ഗില്‍ മൂന്നാം മത്സരത്തില്‍ 12 പന്തില്‍ 28 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും 28 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായിരുന്നു. ഏഷ്യാ കപ്പിലൂടെ ഇന്ത്യയുടെ ടി20 ടീമില്‍ തിരിച്ചെത്തിയശേഷം കളിച്ച 15 മത്സരങ്ങളില്‍ 24.25 ശരാശരിയിലും 137.26 സ്ട്രൈക്ക് റേറ്റിലും 291 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ഗില്ലിനായിരുന്നില്ല. തുടര്‍ന്ന് പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെയും താരത്തിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം, ടീമില്‍ ഇടം നേടിയെങ്കിലും സഞ്ജുവിന് കളിയ്ക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ജിതേഷ് ശര്‍മയായിരുന്നു ടീമില്‍ ഇടം നേടിയത്.