
ചെന്നൈ: ഏഷ്യൻ ഗെയിംസിലെ മിന്നുന്ന പ്രകടനത്തിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിന്‍റെ ബാറ്റിംഗ് ഓർഡറിനെക്കുറിച്ച് സുപ്രധാന നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ എന്നിവരടങ്ങുന്ന ടോപ്പ് ഓർഡർ കൂട്ടുകെട്ട് വിൻഡീസിനെതിരായ പരമ്പരയിൽ തുടരാൻ സാധ്യതയില്ലെന്ന് കാർത്തിക് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ ജപ്പാനിലെ സ്പിൻ പിച്ചുകളിൽ ഒരു പേസറെ മാത്രം ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിച്ചത്. അതിനാൽ അഭിഷേകും വൈഭവും ഓപ്പൺ ചെയ്യുകയും സഞ്ജു സാംസൺ മൂന്നാം നമ്പറിലിറങ്ങുകയും ചെയ്തിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ടീം കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് ക്രിക്ബസിനോട് സംസാരിക്കവെ കാർത്തിക് ചൂണ്ടിക്കാട്ടി:
ആ ബാറ്റിംഗ് ക്രമം ഇനി ഉറപ്പായും കാണാൻ കഴിയില്ല. കാരണം ഇന്ത്യയിൽ കളിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ പേസർമാരെ ടീമിൽ ഉൾപ്പെടുത്തേണ്ടി വരും. ജപ്പാനിൽ ഒരു പേസറെ വെച്ചാണ് നമ്മൾ കളിച്ചത്. ഇവിടെ രണ്ടോ മൂന്നോ പേസർമാർ വേണം. അതുകൊണ്ടുതന്നെ അതേ ബാറ്റിംഗ് നിരയെ തുടരാനാവില്ല. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ന്യൂസിലൻഡ് പര്യടനത്തിന് മുന്നോടിയായി താരത്തിന് ഇത് ആശ്വാസമാകും. ഇന്ത്യൻ ടീം ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അടുത്ത ലോകകപ്പിലേക്ക് ഇനിയും ഒരുപാട് സമയമുള്ളതിനാൽ ടി20 ഇപ്പോൾ അവരുടെ പ്രധാന മുൻഗണനയല്ല-ദിനേശ് കാർത്തിക് പറഞ്ഞു.
ബുംറയുടെ അസാന്നിധ്യത്തിൽ അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മയാങ്ക് യാദവ് എന്നിവർക്കൊപ്പം ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി എന്നിവരും പേസ് വിഭാഗത്തിൽ ഇന്ത്യയ്ക്കായി അണിനിരക്കും. ഒക്ടോബർ 6-ന് ലക്നൗവിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇറങ്ങുന്ന ഇന്ത്യ തുടർച്ചയായ ഒൻപത് ടി20 വിജയങ്ങളുടെയും ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടത്തിന്‍റെയും ആത്മവിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, തിലക് വർമ്മ, ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, നമൻ ധീർ, രവി ബിഷ്‌ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!