
ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയും ഉൾപ്പെട്ട മൂന്ന് മാസം നീളുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം അടുത്ത മാസം തുടങ്ങുകയാണ്. ന്യൂസിലൻഡിനെതിരെ ജൂൺ 18ന് തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യ ഓഗസ്റ്റ് നാലു മുതൽ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും കളിക്കും. നിലവിൽ മുംബൈയിൽ ക്വാറന്റൈനിൽ കഴിയുന്ന ഇന്ത്യൻ ടീം അംഗങ്ങൾ ജൂൺ രണ്ടിനാണ് ഇംഗ്ലണ്ടിലേക്ക് പോവുക.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ആരാകണം ഇന്ത്യൻ പേസാക്രമണത്തെ നയിക്കേണ്ടതെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസറും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകനുമായ എൽ ബാലാജി. നിലവിലെ സാഹചര്യത്തിൽ ഇംഗ്ലണ്ടിൽ ഇന്ത്യൻ ബൗളിംഗ് ആക്രമണം നയിക്കേണ്ടത് ഇഷാന്താണെന്ന് ബാലാജി പറഞ്ഞു.
നിലിവിലെ ഫോം വെച്ച് ഇഷാന്ത്, ബുമ്ര, ഷമി എന്നിവരാണ് ടീമിൽ ഉണ്ടാവേണ്ടത്. പ്രതിഭാധനരായ നിരവിധി പേസർമാർ ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടിലെ പരിചയസമ്പത്ത് കണക്കിലെടുത്ത് ഇഷാന്താണ് ഇന്ത്യൻ ബൗളിംഗ് നയിക്കേണ്ടത്. മുമ്പ് മൂന്ന് തവണ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിച്ചിട്ടുള്ള ഇഷാന്തിന് 2018ൽ കൗണ്ടി ക്രിക്കറ്റ് കളിച്ച അനുഭവസമ്പത്തുമുണ്ട്. ഇംഗ്ലണ്ടിൽ നിരവധി തവണ ഇഷാന്തിന്റെ ബൗളിംഗ് ഇന്ത്യക്ക് ജയം സമ്മാനിച്ചിട്ടുണ്ട്.
ഇഷാന്തും, ബുമ്രയും ഷമിയും വ്യത്യസ്തരായ ബൗളർമാരാണ്. ഇഷാന്ത് പ്രതിരോധിക്കുമ്പോൾ ഷമിയും ബുമ്രയും ആക്രമണിക്കണമെന്നാണ് എന്റെ അഭിപ്രായം. ന്യൂബോളിൽ ഇടം കൈയൻമാർക്കെതിരെ ആക്രമണോത്സുകമായി പന്തെറിയാനും ഇഷാന്തിനാവും. കളി കൈവിട്ടുപോകുന്ന സാഹചരങ്ങളിൽ എല്ലായ്പ്പോഴും ഇഷാന്തിനെ ആശ്രയിക്കാവുന്നതാണ്. കാരണം കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ അദ്ദേഹത്തിന് കഴിയും.
പൂർണമായും അല്ലെങ്കിലും ബുമ്രയും മുഹമ്മദ് സിറാജും ഏതാണ്ട് ഒരുപോലെ പന്തെറിയുന്ന ബൗളർമാരാണ്. അതുകൊണ്ടുതന്നെ ബുമ്രക്ക് ചില മത്സരങ്ങളിൽ വിശ്രമം നൽകിയാലും സിറാജിനെ കളിപ്പിക്കാനാവുമെന്ന ആനുകൂല്യം ഇന്ത്യക്കുണ്ട്. ബുമ്രയില്ലെങ്കിൽ പ്രതിരോധിക്കാനല്ല ഇന്ത്യ നോക്കേണ്ടത്. ഓസ്ട്രേലിയയിൽ ബുമ്രയും ഷമിയും ഇഷാന്തും ഇല്ലാതിരുന്നിട്ടും തന്ത്രപരമായ തീരുമാനങ്ങളിലൂടെയും ബൗളിംഗിലൂടെയും ഓസീസിന്റെ 20 വിക്കറ്റും വീഴ്ത്താനായതാണ് ഇന്ത്യ മാതൃകയാക്കേണ്ടതെന്നും ബാലാജി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!