
മുംബൈ: ടി20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബിസിസിഐ നല്‍കിയില്ലെന്ന് ആരോപണം. ബ്രിട്ടീഷ് ദിനപത്രമായ ദ് ടെലഗ്രാഫാണ് ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ വർഷം കിട്ടിയ തുകയാണ് താരങ്ങള്‍ക്ക് നല്‍കാതിരുന്നത്. കൊവിഡ് മൂലം ബിസിസിഐ ആസ്ഥാനം അടഞ്ഞുകിടക്കുന്നതിനാലാണ് തുക കൈമാറ്റം വൈകുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. നവംബറിൽ മാത്രമാണ് ഐസിസിയിൽ നിന്ന് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും ബിസിസിഐ വ്യക്തമാക്കി. എന്നാൽ ആരോപണത്തിൽ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഓസ്ട്രേലിയയിലായിരുന്നു വനിതാ ടി20 ലോകകപ്പ് നടന്നത്. ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യ ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റു. റണ്ണേഴ്സ് അപ്പായ ഇന്ത്യൻ ടീമിന് അഞ്ച് ലക്ഷം ഡോളർ സമ്മാനത്തുകയായി ലഭിച്ചു. ഈ പണം ബിസിസിഐയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. ലോകകപ്പ് കഴിഞ്ഞ് ഒരു വർഷമായിട്ടും സമ്മാനത്തുക വീതിച്ചു നൽകാത്തതിൽ കളിക്കാരാരും ഇതുവരെ പരസ്യമായി പരാതി പറഞ്ഞിട്ടില്ല. ഇതിനിടെയാണ് ബ്രിട്ടീഷ് മാധ്യമത്തിന്റെ റിപ്പോർട്ട് പുറത്തുവന്നത്.
വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകരോട് അനൗദ്യോഗികമായി ബിസിസിഐ അധികൃതർ പറഞ്ഞത് കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സമ്മാനത്തുകയായ അഞ്ച് ലക്ഷം ഡോളർ ബിസിസിഐയുടെ അക്കൗണ്ടിലെത്തിയത് എന്നാണ്.
കൊവിഡ് വ്യാപനം മൂലം മുംബൈയിലെ ബിസിസിഐ ആസ്ഥാനം ഏറെ നാള്‍ അടച്ചിടേണ്ടി വന്നു. ഇതാണ് പണം വീതിച്ച് നല്‍കുന്നതിന് തടസ്സമായത്. അടുത്ത ആഴ്ചക്കകം തന്നെ താരങ്ങള്‍ക്ക് കിട്ടേണ്ട പണം അവരുടെ കൈവശം എത്തുമെന്നും ബിസിസിഐ അധികൃതർ സൂചിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!