Latest Videos

'ഏകദിന ലോകകപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടില്ല'; നിലപാട് മയപ്പെടുത്തി പുതിയ പിസിബി ചെയർമാൻ

By Web TeamFirst Published Dec 28, 2022, 10:38 PM IST
Highlights

റമീസ് രാജയെ പുറത്താക്കിയ ശേഷം സ്ഥാനത്തെത്തിയ നജാം സേതി പക്ഷേ പാകിസ്ഥാന്‍റെ നിലപാട് മയപ്പെടുത്തുകയാണ്. ക്രിക്കറ്റ് ബോർഡല്ല, സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് നജാം സേതി പറയുന്നത്

ഇസ്ലാമാബാദ്: ഇന്ത്യയിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാകിസ്ഥാൻ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് പിസിബി ചെയർമാൻ നജാം സേതി പറഞ്ഞു. ഏഷ്യാ കപ്പിന് പാകിസ്ഥാനിലേക്ക് പോകില്ലെന്ന ഇന്ത്യൻ നിലപാടിനോട് പ്രതികരിക്കവെ പിസിബി മുൻ ചെയർമാൻ റമീസ് രാജ ഇന്ത്യ ആതിഥേയരാകുന്ന
ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

റമീസ് രാജയെ പുറത്താക്കിയ ശേഷം സ്ഥാനത്തെത്തിയ നജാം സേതി പക്ഷേ പാകിസ്ഥാന്‍റെ നിലപാട് മയപ്പെടുത്തുകയാണ്. ക്രിക്കറ്റ് ബോർഡല്ല, സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് നജാം സേതി പറയുന്നത്. അടുത്ത വർഷം നടക്കേണ്ട ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം തുടരുകയാണെന്നും നജാം സേതി പറഞ്ഞു. എന്നാൽ, ഏഷ്യാ കപ്പിന് നിഷ്പക്ഷ വേദി വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ഇരു രാജ്യങ്ങളും തമ്മിൽ 2013ന് ശേഷം പരമ്പരകൾ നടന്നിട്ടില്ല. 2016 ട്വന്‍റി 20 ലോകകപ്പിലാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യയിൽ കളിച്ചത്. നേരത്തെ സുരക്ഷാ കാരണങ്ങളാൽ വിവിധ രാജ്യങ്ങൾ പാകിസ്ഥാനിലേക്ക് വരുന്നത് ഒഴിവാക്കിയിരുന്നെങ്കിലും സമീപകാലത്ത് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യുസീലൻഡ് ടീമുകളെല്ലാം പാകിസ്ഥാനിലെത്തി പരമ്പര കളിച്ചു. ഇതോടെ ഏഷ്യാ കപ്പിന് വേദിയൊരുക്കാമെന്നുള്ള പ്രതീക്ഷയിലാണ് പാകിസ്ഥാൻ.

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്നും ടൂര്‍ണമെന്‍റ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റുമെന്നും ഒക്ടോബറില്‍ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ജയ് ഷാ വ്യക്തമാക്കിയതോടെയാണ് ഇരു ബോര്‍ഡുകളും തമ്മില്‍ വാക്‌വാദം തുടങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു ലോകകപ്പ് പിന്‍മാറ്റ ഭീഷണിയുമായി പിസിബി രംഗത്തെത്തിയത്. 2023 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

ഇതിന് തൊട്ടുമുമ്പാണ് ഏഷ്യാ കപ്പ് നടക്കേണ്ടത്. ഏഷ്യാ കപ്പ് വേദി സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. 'ആതിഥേയത്വമില്ലെങ്കില്‍ ഞങ്ങള്‍ ഏഷ്യാ കപ്പിനില്ല. കാരണം, ഏഷ്യാ കപ്പ് ആതിഥേയത്വം ഞങ്ങള്‍ക്ക് അനുവദിച്ചതാണ്. ഇന്ത്യ വരുന്നില്ലെങ്കില്‍ വരണ്ട. പക്ഷെ ആതിഥേയത്വം ഇല്ലെങ്കില്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുന്ന ആദ്യത്തെ ടീം ഞങ്ങളുടേതാവും' എന്നും റമീസ് രാജ പറഞ്ഞിരുന്നു.

പകരക്കാരനായി ഇറങ്ങി ക്യാപ്റ്റന്റെ റോളും ഏറ്റെടുത്ത് റിസ്‍വാൻ; നിയമം അറിയില്ലേയെന്ന് ചോദിച്ച് ആരാധകർ

click me!