
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെയും ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ഹൃദയം തകര്‍ത്ത ഹാട്രിക്ക് സിക്സുകളിൂടെ ആരാധകരെ അമ്പരപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ നായകന്‍ എം എസ് ധോണിയെ വാഴ്ത്തി മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര. ധോണിയെക്കാള്‍ പ്രതീക്ഷക്കുമപ്പുറം ഉയരുന്ന ഒരു കളിക്കാരനെ കാണാനാവില്ലെന്ന് ആനന്ദ് മഹീന്ദ്ര എക്സ് പോസ്റ്റില്‍ പറഞ്ഞു.
വാനോളം പ്രതീക്ഷയും സമ്മര്‍ദ്ദവും ഉള്ളപ്പോഴും പ്രതീക്ഷകള്‍ക്ക് അപ്പുറം ഉയരുന്നൊരാളെ എനിക്ക് കാണിച്ചു തരൂ.പ്രതീക്ഷകളുടെ ഭാരം അയാളില്‍ കൂടുതല്‍ ഊര്‍ജ്ജം നിറക്കുന്നതേയുളളു. ഇന്ന് ഞാന്‍ അഭിമാനിക്കുന്നു, എന്‍റെ പേരും മഹി-ന്ദ്ര എന്നായതില്‍ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ എക്സ് പോസ്റ്റ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ ഇന്നിംഗ്സിലെ അവസാന നാലു പന്തുകള്‍ മാത്രം നേരിടാനായി ക്രീസിലിറങ്ങിയ ധോണി ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകള്‍ സിക്സിന് പറത്തിയിരുന്നു. അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് ധോണി നാലു പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നതിനൊപ്പം 190 റണ്‍സിലൊതുങ്ങുമെന്ന് കരുതിയ ചെന്നൈ സ്കോറിനെ 206 റണ്‍സിലെത്തിച്ചു.
മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ അപരാജിത സെഞ്ചുറി അടിച്ചിട്ടും മുംബൈ തോറ്റത് 20 റണ്‍സിനായിരുന്നു. ധോണിയ നേടിയ നാലു പന്തിലെ 20 റണ്‍സിന്‍റെ മൂല്യം അപ്പോഴാണ് ആരാധകര്‍ക്ക് ശരിക്കും മനസിലായത്. മത്സരശേഷം ചെന്നൈ ബൗളര്‍മാര്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത ധോണിയെ ഹാര്‍ദ്ദിക് പാണ്ഡ്യയും പ്രശംസിച്ചിരുന്നു. വിക്കറ്റിന് പിന്നിലുള്ള ആ മനുഷ്യന്‍ അവരുടെ തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയെന്നായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ കമന്‍റ്. ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് മത്സരശേഷം തമാശയായി പറഞ്ഞത് ഞങ്ങളുടെ യുവ വിക്കറ്റ് കീപ്പര്‍ കളിയാകെ മാറ്റിമറിച്ചുവെന്നായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!