ടി20 ലോകകപ്പില്‍ അസുഖബാധിതനായ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണെ പരിഗണിക്കുമ്പോള്‍, വാഷിംഗ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ നിര്‍ദ്ദേശിക്കുന്നു. 

ന്യൂഡല്‍ഹി: ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഇന്ന് നമീബിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് മുതിര്‍ന്നേക്കും. അസുഖബാധിതനായ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്ക്ക് നമീബിയക്കെതിരായ മത്സരം നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ് ടീം മാനേജ്മെന്റ് പുതിയ ഓപ്പണറെ തേടുന്നത്. അഭിഷേകിന് പകരം സഞ്ജു സാംസണ്‍ ഓപ്പണറായി എത്താനാണ് സാധ്യതയെങ്കിലും, വാഷിംഗ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കി ഒരു അപ്രതീക്ഷിത നീക്കം നടത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ നിര്‍ദ്ദേശിച്ചു.

ഞായറാഴ്ച കൊളംബോയില്‍ പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന നിര്‍ണായക മത്സരത്തെ മുന്‍നിര്‍ത്തിയാണ് പാര്‍ത്ഥിവ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. കൊളംബോയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയാണെങ്കില്‍, സുന്ദറിനെ നേരത്തെ ബാറ്റിംഗിന് ഇറക്കുന്നത് ഗുണകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കൊളംബോയിലെ പിച്ചില്‍ പന്ത് തിരിയുകയും വേഗത കുറയുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ കൊണ്ടുവരുന്നതിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കി പരീക്ഷിച്ചുകൂടേ? പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് അഭിഷേക് സുഖം പ്രാപിച്ചില്ലെങ്കില്‍, സുന്ദര്‍ ഒരു മികച്ച അറ്റാക്കിംഗ് ഓപ്പണറായി മാറും. ഒപ്പം ഒരു സ്പിന്‍ ഓപ്ഷനും ടീമിന് ലഭിക്കും.'' പാര്‍ത്ഥിവ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

സഞ്ജു സാംസണിന്റെ സാന്നിധ്യം

പാര്‍ത്ഥിവിന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ടെങ്കിലും ടീം മാനേജ്മെന്റ് സഞ്ജു സാംസണെ തന്നെ ഓപ്പണറായി പരിഗണിക്കാനാണ് സാധ്യത. ഏഷ്യാ കപ്പില്‍ ശുഭ്മാന്‍ ഗില്‍ എത്തുന്നതിന് മുന്‍പ് സഞ്ജു ആയിരുന്നു ഇന്ത്യയുടെ പ്രധാന ഓപ്പണര്‍. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

ഇന്ത്യയുടെ വെല്ലുവിളികള്‍

വയറുവേദനയെത്തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിഷേകിന് ചൊവ്വാഴ്ചയും ബുധനാഴ്ചയും പരിശീലനത്തിന് ഇറങ്ങാനായില്ല. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് താരം പൂര്‍ണ കായികക്ഷമത കൈവരിക്കുമോ എന്ന് ബിസിസിഐ നിരീക്ഷിച്ചുവരികയാണ്. നെറ്റ്‌സ് പരിശീലനത്തിനിടെ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ തട്ടി ഇഷാന്‍ കിഷന്റെ കാല്‍വിരലിന് പരിക്കേറ്റത് ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും താരം നമീബിയക്കെതിരെ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വാരിയെല്ലിനേറ്റ പരിക്കില്‍ നിന്ന് മോചിതനായി ടീമിലെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ ചൊവ്വാഴ്ച നെറ്റ്സില്‍ മികച്ച രീതിയില്‍ ബാറ്റിംഗും ബൗളിംഗും നടത്തിയിരുന്നു. അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം മൂന്നാമതൊരു സ്പിന്നറായി സുന്ദര്‍ കൂടി എത്തുമ്പോള്‍ ഇന്ത്യയുടെ സ്പിന്‍ നിര കൂടുതല്‍ കരുത്താര്‍ജ്ജിക്കും.

YouTube video player