ഭിന്നതാല്‍പര്യം: കപിലിനും ഗെയ്‌ക്‌വാദിനും ശാന്താ രംഗസ്വാമിക്കും നോട്ടീസ്

By Web TeamFirst Published Sep 28, 2019, 10:53 PM IST
Highlights

കപില്‍ ദേവ് കമന്റേറ്ററും ഫ്ലഡ് ലൈറ്റ് കമ്പനിയുടെ ഉടമയും ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗവുമാണെന്ന് ഗുപ്തയുടെ പരാതിയില്‍ പറയുന്നു.

മുംബൈ: ഭിന്നതാല്‍പര്യമുണ്ടെന്ന ആരോപണത്തില്‍ ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ക്ക് ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡി കെ ജെയിന്‍ നോട്ടീസയച്ചു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത അംഗമായ സഞ്ജയ് ഗുപ്തയുടെ പരാതിയിലാണ് നോട്ടീസ്.

ബിസിസിഐ ഭരണഘടനയനുസരിച്ച് ഏതെങ്കിലും ഒരു അംഗത്തിന് ഒന്നില്‍ കൂടുതല്‍ പദവികള്‍ വഹിക്കാനാവില്ല. കപില്‍ ദേവ് കമന്റേറ്ററും ഫ്ലഡ് ലൈറ്റ് കമ്പനിയുടെ ഉടമയും ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗവുമാണെന്ന് ഗുപ്തയുടെ പരാതിയില്‍ പറയുന്നു. അതുപോലെ ഗെയ്ക്‌വാ‌ദിന് സ്വന്തമായി ക്രിക്കറ്റ് അക്കാദമിയുണ്ടെന്നും ബിസിസിഐ അഫിലിയേഷന്‍ കമ്മിറ്റിയില്‍ അംഗമാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ ക്യാപ്റ്റനായ ശാന്താ രംഗസ്വാമി ഉപദേശക സമിതിയില്‍ അംഗമായിരിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റേഴ്സ്  അസോസിയേഷനിലും അംഗമാണെന്നാണ് ഗുപ്തയുടെ പരാതി. ഗുപ്തയുടെ പരാതിയില്‍ മൂവരോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡി കെ ജെയിന്‍ ആവശ്യപ്പെട്ടു.

കപിലും ഗെയ്ക്‌വാദും ശാന്താ രംഗസ്വാമിയും അടങ്ങുന്ന ഉപദേശക സമിതിയാണ് വനിതാ ടീമിന്റെ പരിശീലകനായ ഡബ്ല്യു വി രാമനെയും പുരുഷ ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെയും തെരഞ്ഞെടുത്തത്. മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരോടും ഭിന്നതാല്‍പര്യവിഷയത്തില്‍ ബിസിസിഐ എത്തിക്സ് ഓഫീസര്‍ വിശദീകരണം തേടിയിരുന്നു.

click me!