NZ vs BAN : ബേ ഓവല്‍ ടെസ്റ്റില്‍ വിജയം; ന്യൂസിലന്‍ഡ് മണ്ണില്‍ ചരിത്രം കുറിച്ച് ബംഗ്ലാദേശ്

By Web TeamFirst Published Jan 5, 2022, 8:04 AM IST
Highlights

ബേ ഓവല്‍ ടെസ്റ്റില്‍ വിജയിച്ചതോടെയാണിത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെതിരെ (New Zealand) എട്ട് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. സ്‌കോര്‍ ന്യൂസിലന്‍ഡ് 328 & 169, ബംഗ്ലാദേശ് 458 & 42/2.

വെല്ലിങ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ബംഗ്ലാദേശ് (Bangladesh Cricket). ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് കിവീസ് (NZ vs BAN) മണ്ണില്‍ വിജയം സ്വന്തമാക്കി. ബേ ഓവല്‍ ടെസ്റ്റില്‍ വിജയിച്ചതോടെയാണിത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെതിരെ (New Zealand) എട്ട് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. സ്‌കോര്‍ ന്യൂസിലന്‍ഡ് 328 & 169, ബംഗ്ലാദേശ് 458 & 42/2.

മൂന്ന് ഫോര്‍മാറ്റിലും ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ ഒരിക്കല്‍ പോലും ബംഗ്ലാദേശിന് തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ബേ ഓവല്‍ ടെസ്റ്റിന് മുമ്പ് 32 തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. അപ്പോഴെല്ലാം ന്യൂസിലന്‍ഡിന് തന്നെയായിരുന്നു ആധിപത്യം. ന്യൂസിലന്‍ഡിനെതിരെ കളിച്ച 16 ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ആദ്യ ജയം കൂടിയാണിത്. 2011ന് ശേഷം കിവീസിനെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ ടീം കൂടിയായി ബംഗ്ലാദേശ്. നേരത്തെ  പാകിസ്ഥാന്‍ 10 വിക്കറ്റിന് കിവീസിനെ തോല്‍പ്പിച്ചു.

രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയരെ 169ന് പുറത്താക്കിയ ബംഗ്ലാദേശിന് 42 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. സന്ദര്‍ശര്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുഷ്ഫിഖുര്‍ റഹീമാണ്  (5) വിജയറണ്‍ നേടിയത്. മൊമിനുള്‍ ഹഖ് (13) പുറത്താവാതെ നിന്നു. ഷദ്മാന്‍ ഇസ്ലാം (3), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (17) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ബംഗ്ലാദേശിന് നഷ്ടമായത്.

നേരത്തെ എബാദത്ത് ഹുസൈന്റെ ആറ് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിന തകര്‍ത്തത്. വില്‍ യംഗ് (69), റോസ് ടെയ്‌ലര്‍ (40) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 130 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 328ന് പുറത്തായി. ഡേവോണ്‍ കോണ്‍വെ (122) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 458 റണ്‍സ് നേടി. മൊമിനുള്‍ ഹഖ് (88), ലിറ്റണ്‍ ദാസ് (86), മഹ്‌മുദുള്‍ ഹസന്‍ ജോയ് (78), ഷാന്റോ (64) എന്നിവരാണ് തിളങ്ങിയത്. ട്രന്റ് ബോള്‍ട്ട് നാല് വിക്കറ്റ് നേടിയിരുന്നു. 

ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. പോരത്തത്തിന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 12  പോയിന്റും സ്വന്തമാക്കി.

click me!