
ലഖ്‌നൗ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തില്‍ റണ്‍ മെഷീന്‍ വിരാട് കോലി പൂജ്യത്തിന് പുറത്തായിരുന്നു. കിംഗ് കോലി റണ്ണൊന്നുമെടുക്കാതെ പുറത്തായതില്‍ ഏറ്റവും നിരാശന്‍ കടലുകള്‍ താണ്ടിയെത്തിയ ആരാധകനായിരിക്കും. അമേരിക്കയില്‍ നിന്ന് 12000 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്‌താണ് ഈ ആരാധകന്‍ കോലിയുടെ ബാറ്റിംഗ് കാണാനായി ലഖ്‌നൗവിലെത്തിയത് എന്നാണ് ട്വിറ്ററില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്നത്. ഇക്കാര്യം സത്യമെങ്കില്‍ ഇയാളുടെ വരവ് വലിയ നിരാശയായി. സംഭവം എന്തായാലും ഈ കട്ട ഫാനിനെ ട്രോളര്‍മാര്‍ വെറുതെവിട്ടില്ല.
ഏകനാ സ്റ്റേഡിയത്തിലെ മത്സരത്തില്‍ വിരാട് കോലി 9 പന്തുകള്‍ നേരിട്ട് ഡേവിഡ് വില്ലിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ആരാധകന്‍റെ ചിത്രം സാമൂഹ്യമാധ്യമമായ എക്‌സില്‍ വൈറലായത്. 'അമേരിക്കയില്‍ നിന്ന് 7732 മൈലുകള്‍ യാത്ര ചെയ്‌ത് ഗോട്ട് കിംഗ് കോലിയുടെ ബാറ്റിംഗ് കാണാനായി എത്തി' എന്നാണ് ആരാധകന്‍ ഉയര്‍ത്തിപ്പിടിച്ച പോസ്റ്ററിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ഈ ആരാധകനെ ട്രോളര്‍മാര്‍ ഏറ്റെടുത്തു. ചിലര്‍ ദുഖത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ മറ്റു ചിലര്‍ ഇയാളെ കളിയാക്കുകയാണ് ചെയ്‌തത്. ട്വീറ്റുകള്‍ കാണാം.
ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ത്തെറിഞ്ഞ് തുടര്‍ച്ചയായ ആറാം ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ 100 റണ്‍സിനായിരുന്നു നീലപ്പടയുടെ ജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന നിലയില്‍ ഒതുക്കിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ 87 റണ്‍സ് ഇന്ത്യക്ക് ആശ്വാസമായി. സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് ഷമി കൊടുങ്കാറ്റില്‍ നിലംപരിശായി 34.5 ഓവറില്‍ 129 റണ്‍സില്‍ എല്ലാവരും പുറത്തായി. മുഹമ്മദ് ഷമി നാലും ജസ്പ്രിത് ബുമ്ര മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ പേരിലാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!