അഭിഷേക് ശര്‍മയെ വിടാതെ മുഹമ്മദ് ആമിര്‍; വീണ്ടും രൂക്ഷ വിമര്‍ശനം, മാനസികമായി കരുത്താര്‍ജിക്കണമെന്ന് ഉപദേശം

Published : Mar 06, 2026, 03:53 PM IST
Abhishek Sharma-Mohammad Amir

Synopsis

ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മയുടെ സാങ്കേതിക പോരായ്മകൾ എല്ലാ ടീമുകളും തിരിച്ചറിഞ്ഞുവെന്ന് മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ആമിർ. 

കറാച്ചി: ഇന്ത്യന്‍ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ സാങ്കേതികമായ പോരായ്മകള്‍ ലോകത്തെ എല്ലാ ടീമുകളും ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ആമിര്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ താരം വീണ്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് ആമിറിന്റെ നിരീക്ഷണം. രാജ്യാന്തര ക്രിക്കറ്റില്‍, പ്രത്യേകിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ നിലനില്‍ക്കണമെങ്കില്‍ സാങ്കേതികമായും മാനസികമായും താരം കൂടുതല്‍ കരുത്തനാകേണ്ടതുണ്ടെന്ന് ആമിര്‍ പറഞ്ഞു.

ഐസിസി ടൂര്‍ണമെന്റുകളിലെ വെല്ലുവിളി

ദ്വിരാഷ്ട്ര പരമ്പരകളും ഐസിസി ടൂര്‍ണമെന്റുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ആമിര്‍ ചൂണ്ടിക്കാട്ടി. ''ദ്വിരാഷ്ട്ര പരമ്പരകളില്‍ ടീമുകള്‍ പരീക്ഷണങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അവിടെ താരങ്ങളെ അത്ര ആഴത്തില്‍ വിശകലനം ചെയ്യാറില്ല. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഓരോ ടീമും എതിരാളികളെ കൃത്യമായി പഠിക്കുന്നു. അഭിഷേക് ശര്‍മയുടെ കരുത്തേറിയ വശങ്ങളും ബലഹീനതകളും ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.'' ആമിര്‍ പറഞ്ഞു.

സാങ്കേതിക പിഴവുകള്‍

അഭിഷേകിന്റെ ബാറ്റിംഗിലെ പ്രധാന പോരായ്മകളെക്കുറിച്ച് ആമിര്‍ വ്യക്തമാക്കിയത് ഇങ്ങനെ... ''ഓഫ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അഭിഷേക് പതറുന്നു. ഇംഗ്ലണ്ടിനെതിരെ വില്‍ ജാക്‌സിനെ നേരിടുന്നതില്‍ താരം പരാജയപ്പെട്ടത് ഇതിന് ഉദാഹരണമാണ്. പേസര്‍മാര്‍ ശരീരത്തിന് നേരെ പന്തെറിയുമ്പോള്‍ അഭിഷേകിന് താളം കണ്ടെത്താന്‍ കഴിയുന്നില്ല. ഈ സാങ്കേതിക പിഴവുകള്‍ പരിഹരിക്കാതെ വലിയ വേദികളില്‍ തിളങ്ങുക പ്രയാസകരമാണ്.'' ആമിര്‍ കൂട്ടിച്ചേര്‍ത്തു.

മങ്ങിയ ലോകകപ്പ് കരിയര്‍

സിംബാബ്വെക്കെതിരെ നേടിയ അര്‍ദ്ധസെഞ്ച്വറി ഒഴിച്ചുനിര്‍ത്തിയാല്‍ ഈ ലോകകപ്പില്‍ അഭിഷേകിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. വയറ്റിലുണ്ടായ അണുബാധ താരത്തിന്റെ പ്രകടനത്തെ ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേകിന്, പിന്നീട് ഒരിക്കല്‍ പോലും 20 റണ്‍സ് കടക്കാന്‍ സാധിച്ചിട്ടില്ല. സെമിയില്‍ ഒന്‍പത് റണ്‍സ് മാത്രമാണ് താരം നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അഭിഷേകിനെ ടീമില്‍ നിലനിര്‍ത്തണോ അതോ കുല്‍ദീപ് യാദവിനെയോ റിങ്കു സിംഗിനെയോ ഉള്‍പ്പെടുത്തണോ എന്ന വലിയ സമ്മര്‍ദ്ദത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബെഞ്ചില്‍ നിന്ന് ലോകകപ്പ് ഹീറോയിലേക്ക്; വാംഖഡയിലെ സഞ്ജു സാംസണ്‍ മാസ്റ്റർക്ലാസ്
സഞ്ജുവും ബുംറയുമല്ല, ഇംഗ്ലണ്ടിനെതിരായ സെമിയിലെ യഥാര്‍ത്ഥ മാന്‍ ഓഫ് ദി മാച്ചിനെ തെരഞ്ഞെടുത്ത് അശ്വിൻ