
ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിൽ നിന്നുള്ള തന്‍റെ പ്രതീക്ഷകൾ ഇതുവരെ നിറവേറിയിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. പന്തിന്‍റെ തെറ്റായ തീരുമാനങ്ങളാണ് ഏകദിന, ടി20 ടീമുകളിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ പുറത്താകലിന് വഴിവെച്ചതെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അശ്വിൻ തുറന്നടിച്ചു. ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ രണ്ട് അർധസെഞ്ചുറികൾ അടക്കം 168 റൺസ് പന്ത് നേടിയിരുന്നെങ്കിലും, പന്തിന്‍റെ അനാവശ്യ ആക്രമണോത്സുകതയും മോശം ഷോട്ട് സെലക്ഷനും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 50-ലധികം ടെസ്റ്റുകൾ കളിച്ച പരിചയസമ്പത്തുള്ള ഒരു താരത്തിൽ നിന്ന് ഇതിലും മികച്ച സമീപനമാണ് പ്രതീക്ഷിക്കുന്നതെന്ന് അശ്വിൻ വ്യക്തമാക്കി.
റിഷഭ് പന്തിനെക്കുറിച്ചുള്ള എന്‍റെ പ്രതീക്ഷകൾ ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ല. മത്സരം കൈയിലിരിക്കുമ്പോൾ പന്തിന്‍റെ ശൈലി ഇതാണെന്നൊക്കെ പറയുന്നത് ശരിയല്ല. ടീമിന് എന്താണ് ആവശ്യം അതിനനുസരിച്ചാണ് കളിക്കേണ്ടതെന്നും അശ്വിൻ പറഞ്ഞു. സിഡ്നിയിലും ബ്രിസ്ബെയ്നിലും പന്ത് മികച്ച ഇന്നിങ്സുകൾ കളിച്ചിട്ടുണ്ട്. എന്നാൽ വാഷിങ്ടൺ സുന്ദറിന്‍റെയും ഷാർദുൽ ഠാക്കൂറിന്റെയും പ്രകടനം കൂടിയില്ലായിരുന്നെങ്കിൽ ആ മത്സരം ജയിക്കാൻ കഴിയുമായിരുന്നില്ല. 11 കളിക്കാർ ചേർന്നാണ് ഒരവസാന സെഷനിൽ ടെസ്റ്റ് മത്സരം കെട്ടിപ്പടുക്കുന്നതും ജയിക്കുന്നതും. എന്നാൽ അത് തോൽക്കാൻ ഒരു നിമിഷത്തെ വിഡ്ഢിത്തം മാത്രം മതിയെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
പന്ത് അപൂർവ്വ പ്രതിഭ ആയതിനാൽ പ്രത്യേക പരിഗണന നൽകണമെന്ന വാദത്തെയും അശ്വിൻ ചോദ്യം ചെയ്തു. ഇത്തരം പ്രത്യേക പരിഗണന നൽകുന്നുവെങ്കിൽ അത് ടീമിലെ മറ്റെല്ലാവർക്കും നൽകണം. യശസ്വി ജയ്സ്വാളും അത്തരമൊരു പ്രതിഭയാണെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!