
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ വിരാട് കോലി കളിച്ചിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തിയിട്ടും വിജയം നേടാനാകാതെ സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെയാണ് കൈഫിന്റെ പരാമര്‍ശം. അവസാന ദിവസം നാല് വിക്കറ്റും 16 റണ്‍സ് ലീഡും മാത്രം ശേഷിക്കെയാണ് ലങ്ക ബാറ്റിംഗിന് ഇറങ്ങിയത്. എന്നാല്‍ സോണല്‍ ദിനുഷയുടെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ശ്രീലങ്ക 9 വിക്കറ്റിന് 429 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയും മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.
തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് കൈഫ് ഇക്കാര്യം വ്യക്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് എല്ലാവര്‍ക്കുമുള്ളതല്ലെന്നും വലിയൊരു ഗെയിമില്‍ തുടര്‍ച്ചയായി പന്തെറിയുമ്പോള്‍ കളിക്കാര്‍ ആക്ടീവായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'വിരാട് കോഹ്ലിയെപോലെയുള്ള ഒരാളാണ് കളിച്ചിരുന്നതെങ്കില്‍, അദ്ദേഹം നിരന്തരം സഹതാരങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നേനെ. ടീമിന്റെ ഊര്‍ജം നിലനിര്‍ത്താന്‍ അത് സഹായിക്കുമായിരുന്നു. പിച്ചില്‍ നല്ല രീതിയില്‍ ടേണ്‍ ലഭിക്കുന്നുണ്ടല്ലോ, പന്തെറിഞ്ഞുകൊണ്ടിരുന്നാല്‍ തനിയെ വിക്കറ്റ് വീഴും എന്ന മട്ടിലാണ് നമ്മള്‍ കാര്യങ്ങളെ കണ്ടത്. എവിടെയോ അല്പം അലസത വന്നു.' കൈഫ് പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ കുറവ് ചൂണ്ടിക്കാണിച്ച കൈഫ്, കോലി ഉണ്ടായിരുന്നെങ്കില്‍ ലങ്കന്‍ താരം സോണല്‍ ദിനുഷയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുമായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ എനര്‍ജി ലെവല്‍ വളരെ കുറവായിരുന്നു. അതുകൊണ്ടാണ് കോലി ഉണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് ഞാന്‍ പറയുന്നത്. അദ്ദേഹം എല്ലാവരെയും നിരന്തരം ഉണര്‍ത്തിക്കൊണ്ടിരുന്നേനെ. സോണല്‍ ദിനുഷയെ സമ്മര്‍ദ്ദത്തിലാക്കാനും കോലിക്ക് കഴിയുമായിരുന്നു.' കൈഫ് വ്യക്തമാക്കി. 2025 മെയ് മാസത്തിലാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. നിലവില്‍ അദ്ദേഹം ഏകദിന മത്സരങ്ങളില്‍ മാത്രമാണ് കളിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!