'സഞ്ജുവിന് ഒരു നീതി, അഭിഷേകിന് മറ്റൊരു നീതി'; ഇന്ത്യൻ ടീം സെലക്ഷനിലെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് ശ്രീകാന്ത്

Published : Jul 27, 2026, 03:52 PM ISTUpdated : Jul 27, 2026, 04:00 PM IST
Sanju Samson-Abhishek Sharma

Synopsis

അഭിഷേകിന് ഇത്രയും അവസരങ്ങള്‍ കൊടുക്കാമെങ്കിൽ എന്തുകൊണ്ട് സഞ്ജുവിന് നൽകുന്നില്ല?. എന്തുകൊണ്ടാണ് ഒരു കളിക്കാരന് ഒരു നീതിയും മറ്റൊരാൾക്ക് മറ്റൊരു നീതിയും സീകരിക്കുന്നതെന്ന് ശ്രീകാന്ത് ചോദിച്ചു.

ചെന്നൈ: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം വെറും മൂന്ന് മത്സരങ്ങളിലെ പരാജയത്തിന്‍റെ പേരില്‍ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുന്‍ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. അഭിഷേക് ശർമയ്ക്ക് ടീം മാനേജ്മെന്‍റ് നൽകുന്ന നീണ്ട പിന്തുണയും അവസരങ്ങളും എന്തുകൊണ്ട് ലോകകപ്പ് ഹീറോയായ സഞ്ജുവിന് നൽകുന്നില്ലെന്ന് ശ്രീകാന്ത് യുട്യൂബ് വീഡിയോയില്‍ ചോദിച്ചു.സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 11 റൺസ് മാത്രം നേടിയ അഭിഷേകിന്റെ ഫോം ആശങ്കാജനകമാണെന്നും, ഇനി താരത്തിനെതിരെ കടുത്ത തീരുമാനമെടുത്ത് സഞ്ജു സാംസണിനെ ടീമിലേക്ക് തിരിച്ചുവിളിക്കേണ്ട സമയമായെന്നും ശ്രീകാന്ത് പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ സഞ്ജു സാംസണായിരുന്നു ടീമിന്‍റെ ഏറ്റവും വലിയ കരുത്ത്. എന്നാൽ അയർലൻഡിനെതിരെയുള്ള 2 മത്സരങ്ങളിലെ മോശം പ്രകടനത്തിന്‍റെ പേരിൽ സഞ്ജുവിനെ സിംബാബ്‌വെ പരമ്പരയിൽ നിന്ന് പൂർണ്ണമായും തഴയുകയായിരുന്നു. സഞ്ജുവിന് പകരം കൗമാര താരം വൈഭവ് സൂര്യവംശിക്കാണ് സിംബാബ്‌വെയിൽ അവസരം നല്‍കിയത്. വൈഭവ് സിംബാബ്‌വെയില്‍ തിളങ്ങിയതോടെ സഞ്ജുവിന്‍റെ തിരിച്ചുവരവ് ത്രിശങ്കുവിലായി. എന്നാല്‍ മറുവശത്ത് അഭിഷേക് തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ടീം മാനേജ്മെന്‍റ് തയാറായിട്ടില്ല.

ടി20 ലോകകപ്പിലെ ഏറ്റവും മൂല്യമുള്ള താരം സഞ്ജു സാംസണായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അവന് അവസരം ലഭിക്കാത്തത്? എന്നാൽ അഭിഷേക് ശർമയ്ക്ക് തുടർച്ചയായി അവസരങ്ങൾ നൽകുന്നു. ഇത് തികച്ചും ന്യായമായ ഒരു ചോദ്യമാണ്. അഭിഷേകിന് ഇത്രയും അവസരങ്ങള്‍ കൊടുക്കാമെങ്കിൽ എന്തുകൊണ്ട് സഞ്ജുവിന് നൽകുന്നില്ല?. എന്തുകൊണ്ടാണ് ഒരു കളിക്കാരന് ഒരു നീതിയും മറ്റൊരാൾക്ക് മറ്റൊരു നീതിയും സീകരിക്കുന്നതെന്ന് ശ്രീകാന്ത് ചോദിച്ചു. സഞ്ജു തിരിച്ചുവരുമെന്ന് തന്നെയാണ് തന്‍റെ പ്രതീക്ഷയെന്നും ശ്രീകാന്ത് പറ‍ഞ്ഞു. പക്ഷേ അവൻ റൺസ് കണ്ടെത്താൻ മറ്റൊരു വഴി നോക്കണം. തുടക്കത്തിലെ കുറച്ച് പന്തുകളിൽ ശാന്തനായി നിലയുറപ്പിക്കാൻ ശ്രമിക്കണം. ആദ്യഘട്ടത്തിൽ 100 സട്രൈക്ക് റേറ്റിൽ കളിച്ച് പിന്നീട് അത് 200 ലേക്ക് ഉയർത്താൻ സഞ്ജുവിന് എളുപ്പത്തിൽ കഴിയും. അല്ലാതെ ആദ്യമേ വിക്കറ്റ് വലിച്ചെറിയരുതെന്നും ശ്രീകാന്ത് ഉപദേശിച്ചു.

സിംബാബ്‌വെ പരമ്പരയിൽ 3.66 ശരാശരിയിലും 55.00 സട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്ത അഭിഷേക് ശർമ്മയെ എതിരാളികൾ കൃത്യമായി പഠിച്ചുകഴിഞ്ഞുവെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിഷേക് ശർമ്മയുടെ തന്ത്രങ്ങളും ബലഹീനതകളും എതിരാളികൾ മനസ്സിലാക്കിക്കഴിഞ്ഞു. ലോകകപ്പ് മുതൽ അത് വ്യക്തമാണ്. ഇനി അഭിഷേകിന്റെ കാര്യത്തിൽ സെലക്ടർമാർ കടുത്ത തീരുമാനമെടുക്കേണ്ടതുണ്ട്. സഞ്ജു സാംസണിന് വീണ്ടും അവസരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അവൻ 100% ടീമിലേക്ക് തിരിച്ചെത്തും. സെലക്ടർമാർക്ക് ഇനി മറ്റ് വഴികളില്ല- ശ്രീകാന്ത് പറഞ്ഞു.

അയർലൻഡ് പരമ്പരയ്ക്ക് ശേഷം കളിച്ച പത്ത് ഇന്നിംഗ്സുകളിൽ നിന്ന് അഞ്ച് തവണ മാത്രമാണ് അഭിഷേക് രണ്ടക്കം കടന്നത്. അവസാന അഞ്ച് കളികളിൽ ഉയർന്ന സ്കോർ 16 റൺസ് മാത്രമാണ്. മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിൽ സഞ്ജുവിനെ പുറത്താക്കിയ സെലക്ഷൻ കമ്മിറ്റി, സമാന സാഹചര്യത്തിൽ അഭിഷേകിനോടും കർശന നിലപാട് സ്വീകരിക്കണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'2028 ടി20 ലോകകപ്പിനുണ്ടാകുമോ?'; ചോദ്യത്തിന് മറുപടിയുമായി സഞ്ജു സാംസണ്‍
ഗൗതം ഗംഭീറിന് പകരക്കാരനായി വിവിഎസ് ലക്ഷ്മണ്‍? ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് ലക്ഷ്മണ്‍