
ഹരാരെ: ഇംഗ്ലണ്ടിലെ നിരാശാജനകമായ പര്യടനത്തിന് ശേഷം സിംബാബ്വെക്കെതിരായ ടി20 പരമ്പര 3-0ത്തിന് തൂത്തുവാരിയ ഇന്ത്യയുടെ വിജയം വലിയ ആശ്വാസമാണ് ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയത്. വിവിഎസ് ലക്ഷ്മണിന്റെ താല്‍ക്കാലിക പരിശീലനത്തിന് കീഴില്‍ യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ, പരിശീലകനായ ഗൗതം ഗംഭീറിന് പകരം ലക്ഷ്മണിനെ സ്ഥിരം മുഖ്യ പരിശീലകനാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങളും മീമുകളും സജീവമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഗംഭീറും സീനിയര്‍ കോച്ചിങ് സ്റ്റാഫും എടുത്ത ചെറിയൊരു ഇടവേളയിലാണ് ലക്ഷ്മണ്‍ സിംബാബ്വെയില്‍ താല്‍ക്കാലിക പരിശീലകനായി എത്തിയത്.
ഹരാരെയില്‍ പരമ്പര സ്വന്തമാക്കിയതിന് ശേഷം ബിസിസിഐ പുറത്തുവിട്ട ഡ്രെസ്സിങ് റൂം വീഡിയോ ഈ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ടീമിന്റെ പ്രകടനത്തെ അഭിനന്ദിച്ചും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നേതൃത്വപാടത്തെ പ്രശംസിച്ചും ലക്ഷ്മണ്‍ നടത്തിയ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മോശം തുടക്കത്തിന് ശേഷം ടീമിനെ വിജയത്തിലേക്ക് നയിച്ച ശ്രേയസിനെ ലക്ഷ്മണ്‍ അഭിനന്ദിച്ചപ്പോള്‍, ടീമിനെ മുന്നില്‍ നിന്ന് നയിച്ചതിന് ശ്രേയസ് അയ്യര്‍ ലക്ഷ്മണിനും സപ്പോര്‍ട്ട് സ്റ്റാഫിനും നന്ദി അറിയിക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന വരുന്ന ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലക്ഷ്മണ്‍ വ്യക്തമായ മറുപടി നല്‍കി. താന്‍ താല്‍ക്കാലിക ചുമതല മാത്രമാണ് വഹിക്കുന്നതെന്നും, സീനിയര്‍ ടീമിന്റെ പരമ്പരകള്‍ക്കിടയിലെ ചെറിയൊരു ഇടവേള നികത്താന്‍ മാത്രമാണ് താന്‍ എത്തിയതെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി. ''സീനിയര്‍ ടീമിന്റെ ക്യാപ്റ്റനും മുഖ്യ പരിശീലകനും സപ്പോര്‍ട്ട് സ്റ്റാഫും ഇംഗ്ലണ്ടിലെ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ്. അവര്‍ക്ക് ലഭിക്കുന്ന ഏക ഇടവേള ഇതാണ്, അതുകൊണ്ടാണ് ഞാന്‍ ഈ ചുമതല ഏറ്റെടുത്തത്.'' ലക്ഷ്മണ്‍ വ്യക്തമാക്കി.
ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് തലവനെന്ന നിലയില്‍ കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം മാത്രമല്ല, പുരുഷ-വനിതാ ക്രിക്കറ്റിലെ യുവതാരങ്ങള്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയൊരു അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് മുന്‍പും അയര്‍ലന്‍ഡ്, സിംബാബ്വെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പര്യടനങ്ങളിലും 2023-ലെ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ വിവിഎസ് ലക്ഷ്മണിന് സാധിച്ചിട്ടുണ്ട്. സീനിയര്‍ ടീമിന്റെ തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയില്‍ ബിസിസിഐ എപ്പോഴൊക്കെ ആശ്രയിക്കുന്നോ, അപ്പോഴൊക്കെ വിജയങ്ങള്‍ സമ്മാനിക്കുന്ന വിശ്വസ്തനായ താല്‍ക്കാലിക പരിശീലകനാണ് ലക്ഷ്മണ്‍. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഗൗതം ഗംഭീര്‍ മടങ്ങിയെത്തുമ്പോള്‍, തന്റെ സ്ഥിരം റോളിലേക്ക് തന്നെ ലക്ഷ്മണ്‍ തിരികെ പോകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!