
ഗുവാഹത്തി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ മുടക്കിയതോടെ നേട്ടമുണ്ടാക്കിയത് രാജസ്ഥാന്‍ റോയല്‍സ്. ഇന്നലെ ഗുജറാത്തിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ രാജസ്ഥാനെ മറികടന്നന് രണ്ടാമതെത്താനുള്ള അവസരം ഹൈദരാബാദിനുണ്ടായിരുന്നു. എന്നാല്‍ മത്സരം മഴ മുടക്കിയതോടെ ഇരുവര്‍ക്കും പോയിന്റ് പങ്കിടേണ്ടിവന്നു. ഇതോടെ രാജസ്ഥാന് ഒരു പോയിന്റ് പിന്നിലാണ് ഹൈദരാബാദ്. 16 പോയിന്റാണ് രാജസ്ഥാനുള്ളത്.
രണ്ട് ടീമുകള്‍ക്കും ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. രാജസ്ഥാന് രണ്ടാം സ്ഥാനത്ത് തുടരാനുള്ള സുവര്‍ണാവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ പരാജയപ്പെട്ട രാജസ്ഥാന് അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചാല്‍ 18 പോയിന്റോടെ രണ്ടാം സ്ഥാനം ഉറപ്പിക്കാം. ഹൈദരാബാദ് തങ്ങളുടെ അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചാലും 17 പോയിന്റെ ആവൂ.
കൊല്‍ക്കത്ത നേരത്തെ ഒന്നാം സ്ഥാനം ഉറപ്പിച്ച ടീമാണ്. ഒന്നും രണ്ടും സ്ഥാനക്കാരാണ് ആദ്യ ക്വാളിഫയറില്‍ കളിക്കുക. അതില്‍ ജയിക്കുന്ന ടീം ഫൈനലിലെത്തും. തോല്‍ക്കുന്ന ടീമിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍ എലിമിനേറ്ററില്‍ നേര്‍ക്കുനേര്‍ വരും. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീം പുറത്തേക്കും. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ആദ്യ ക്വാളിഫയറിലെ തോറ്റ ടീമും എലിമിനേറ്ററിലെ വിജയികളും നേര്‍ക്കുന്നേര്‍ വരും. ജയിക്കുന്ന ടീം ഫൈനലിലേക്ക് പ്രവേശിക്കും.
രണ്ടാം സ്ഥാനത്ത് അവസാനിപ്പിച്ചാല്‍ രാജസ്ഥാന് ദുര്‍ഘടവഴി ഒഴിവാക്കാം. ഇനി ആദ്യ ക്വാളിഫയറില്‍ തോറ്റാലും വീണ്ടും അവസരമുണ്ട്. അതുകൊണ്ട് കൊല്‍ക്കത്തയോട് വിജയം മാത്രമായിരിക്കും സഞ്ജുവിന്റേയും സംഘത്തിന്റേയും ലക്ഷ്യം.