സാങ്കേതികമായി പ്ലേ ഓഫിന് വിദൂര സാധ്യതയുള്ള ലഖ്‌നൗ വന്‍ മാര്‍ജിനില്‍ ജയിച്ചാലും അവസാന നാലില്‍ എത്തുക പ്രയാസം.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. മുംബൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഐപിഎല്‍ പതിനേഴാം സീസണോട് ജയത്തോടെ വിട പറയാന്‍ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഏറെക്കുറെ പുറത്താണ്. പ്ലേ ഓഫിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. 13ല്‍ ഒന്‍പതും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്. 12 പോയിന്റുമായി ലഖ്‌നൗ ഏഴാമതും.

സാങ്കേതികമായി പ്ലേ ഓഫിന് വിദൂര സാധ്യതയുള്ള ലഖ്‌നൗ വന്‍ മാര്‍ജിനില്‍ ജയിച്ചാലും അവസാന നാലില്‍ എത്തുക പ്രയാസം. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ജസ്പ്രിത് ബുമ്രയും ഹാര്‍ദിക് പാണ്ഡ്യയുമെല്ലാം ഉണ്ടെങ്കിലും ടീമായി കളിക്കുന്നതില്‍ മുംബൈ വന്‍ പരാജയമായി. പ്ലേ ഓഫില്‍ എത്താതെ പുറത്തായ ആദ്യ ടീമും മുംബൈ തന്നെ. രോഹിത്തിന് പകരം ക്യാപ്റ്റനായ ഹാര്‍ദിക്ക് ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത സീസണ്‍ ആയിരിക്കും ഇതെന്നുറപ്പ്. 

നന്നായി തുടങ്ങിയ ലഖ്‌നൗവിന് തിരിച്ചടിയായത് അവസാന മൂന്ന് കളിയിലെ തുടര്‍ തോല്‍വിയില്‍ നഷ്ടമായത് പോയിന്റ് മാത്രമല്ല, റണ്‍നിരക്കിലും ഏറെ പിന്നിലായി. കഴിഞ്ഞ മാസം ഏറ്റുമുട്ടിയപ്പോള്‍ ലഖ്‌നൗ നാല് വിക്കറ്റിന് മുംബൈയെ തോല്‍പിച്ചു. മുംബൈയുടെ 144 റണ്‍സ് ലക്‌നൗ മറികടന്ന് നാല് പന്ത് ശേഷിക്കേയാണ്. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

ബംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട്! ആര്‍സിബി-സിഎസ്‌കെ പോരാട്ടത്തിന് മഴ ഭീഷണി; മത്സരം നടക്കാനുള്ള സാധ്യത മങ്ങി

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ടിം ഡേവിഡ്, മുഹമ്മദ് നബി, ജെറാള്‍ഡ് കൊറ്റ്സി, പിയൂഷ് ചൗള.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: കെ എല്‍ രാഹുല്‍ (ക്യപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബഡോണി, അര്‍ഷാദ് ഖാന്‍, രവി ബിഷ്ണോയ്, നവീന്‍ ഉള്‍ ഹഖ്, യുധ്വീര്‍ സിംഗ്.