
ചെന്നൈ: ഐപിഎൽ പത്തൊമ്പതാം സീസണിലെ ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് കാഴ്ചവെച്ച മോശം ബൗളിങ് പ്രകടനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ആർസിബിക്കെതിരെ 201 റൺസ് നേടിയിട്ടും വെറും 15.4 ഓവറിൽ ഹൈദരാബാദ് തോൽവി വഴങ്ങിയതാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്. ഹൈദരാബാദിന്‍റേത് ഉഡായിപ്പ് ബൗളിങ് നിരയാണെന്ന് തന്‍റെ യൂട്യൂബ് ചാനലിൽ ശ്രീകാന്ത് പറഞ്ഞു.
ഹർഷൽ പട്ടേലിനെയും ജയദേവ് ഉനദ്ഘട്ടിനെയും പോലുള്ള ബൗളർമാരെ പ്രധാന ബൗളര്‍മാരാക്കി ഇറങ്ങിയാൽ ദൈവത്തിന് മാത്രമേ ഈ ടീമിനെ രക്ഷിക്കാൻ കഴിയൂ എന്നും ശ്രീകാന്ത് പറഞ്ഞു. ഈ ഉഡായിപ്പ് ബൗളിങ് വെച്ച് ഇവർ എത്രകാലം പിടിച്ചുനിൽക്കും?. ടീമിന് നല്ല ബൗളർമാരെ ആവശ്യമാണ്. ബാറ്റിംഗിൽ 300 റൺസ് അടിക്കുമെന്ന് ഇവർ വീമ്പു പറയുന്നതിൽ കാര്യമില്ല. ഇത്തരത്തിലുള്ള ബൗളിങ് വെച്ച് ജയിക്കണമെങ്കിൽ ഇവർ 400 റൺസ് എങ്കിലും അടിക്കേണ്ടി വരും- ശ്രീകാന്ത് പറഞ്ഞു.
നിതീഷ് കുമാർ റെഡ്ഡിയെ കൊണ്ട് ബോളിങ് ഓപ്പൺ ചെയ്യിച്ച ലോജിക് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഡേവിഡ് പെയ്ൻ നേടിയ രണ്ട് വിക്കറ്റുകൾ വെറും ഭാഗ്യം മാത്രമാണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. പാറ്റ് കമിൻസ് തിരിച്ചെത്തിയാൽ പോലും ഈ ബൗളിങ് നിര അതീവ ദുർബലമാണെന്നും ശ്രീകാന്ത് പറഞ്ഞു.
ഹൈദരാബാദ് ബൗളർമാരെ തല്ലിച്ചതച്ച ആർസിബി താരം ദേവ്ദത്ത് പടിക്കലിനെ ശ്രീകാന്ത് വാനോളം പുകഴ്ത്തി. 26 പന്തിൽ 61 റൺസ് അടിച്ച പടിക്കൽ ഹൈദരാബാദ് ബൗളിംഗിനെ 'ഫിനിഷ്' ചെയ്തുവെന്ന് ശ്രീകാന്ത് പറഞ്ഞു. അസാമാന്യമായ ഇന്നിംഗ്‌സായിരുന്നു പടിക്കലിന്‍റേത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഐപിഎല്ലിലും തുടരാൻ പടിക്കലിന് സാധിക്കുന്നു. അടിസ്ഥാനപാഠങ്ങള്‍ ശരിയാക്കി തിരിച്ചുവന്ന പടിക്കൽ അനായാസമായാണ് ഹൈദരാബാദ് ബൗളർമാരെ നേരിട്ടത്.
ആർസിബിക്കെതിരെ പന്തെറിഞ്ഞ ഹൈദരാബാദിന്റെ ആറ് ബൗളർമാരിൽ ഒരാൾ പോലും ഒരോവറിൽ ഒൻപത് റൺസിൽ താഴെ വിട്ടുകൊടുത്തില്ല. നാല് ബൗളർമാർ ഓവറിൽ 11-ലധികം റൺസ് വഴങ്ങി. 2025 സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹൈദരാബാദിന് പുതിയ സീസണിലും ബൗളിങ് വലിയ തലവേദനയാകുമെന്ന് ആദ്യ മത്സരത്തോടെ ഉറപ്പായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!