
റാഞ്ചി: ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ പുതിയ നീക്കവുമായി യുവതാരം ഇഷാൻ കിഷാൻ. വിജയ് ഹസാരെ ട്രോഫിയിൽ ഇന്നലെ കര്‍ണാടകക്കെതിരെ ജാര്‍ഖണ്ഡിനായി ആറാമനായെത്തിയാണ് ഇഷാൻ 33 പന്തില്‍ സെഞ്ച്വറി നേടിയത്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ടാം കീപ്പറായി ഇഷാനെ എത്തിച്ചതും ആഭ്യന്തര ക്രിക്കറ്റിലെ മികവായിരുന്നു. സയദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ തകർപ്പൻ ബാറ്റിംഗായിരുന്നു ജിതേഷ് ശര്‍മയെ മറികടന്ന് കിഷനെ ലോകകപ്പ് ടീമിലെത്തിച്ചത്.
മുഷ്താഖ് അലിയില്‍ ജാർഖണ്ഡിന് കിരീടം സമ്മാനിച്ച ഇഷാൻ കിഷൻ ഹരിയാനയ്ക്കെതിരായ ഫൈനലിൽ 49 പന്തിൽ 101 റൺസടിച്ചതിനൊപ്പം ടൂര്‍ണമെന്‍റിലെ ടോപ് സ്കോററാകുകയും ചെയ്തിരുന്നു. ഇതോടെ സെലക്ടർമാരുടെ അപ്രീതി അടിച്ചകറ്റി ഇഷാൻ ടി20 ലോകകപ്പ് ടീമിലെത്തി. ഇനി ഏകദിന ടീമില്‍ കൂടി തിരിച്ചെത്തുകയാണ് 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച കിഷന്‍റെ ലക്ഷ്യം. അതിനായി കൂടുതൽ കരുതലോടെയാണ് കിഷന്‍റെ ഓരോ നീക്കവും.
ടി20യിൽ നിന്ന് വിജയ് ഹസാരെ ട്രോഫിയിലേക്ക് എത്തിയപ്പോൾ ഇഷാൻ കിഷൻ ക്രീസിലെത്തിയത് ആറാമനായി. കർണാടകയ്ക്കെതിരെ നേടിയത് 39 പന്തിൽ 125 റൺസ്. ഏഴ് ഫോറും പതിനാല് സിക്സും പറത്തിയ ഇഷാൻ കിഷൻ ഓപ്പണിംഗിൽ മാത്രമല്ല, ഏകദിനങ്ങളിലും ടി20യിലും ഫിനിഷറായും തനിക്ക് ശോഭിക്കാൻ കഴിയുമെന്ന് സെലക്ടർമാറെ അറിയിക്കുക കൂടിയായിരുന്നു ഇന്നലത്തെ പ്രകടനത്തോടെ.
ഏകദിന ടീമില്‍ കെ എൽ രാഹുലും ടി20 ടീമില്‍ സഞ്ജു സാംസണും ഒന്നാം കീപ്പറായി ടീമിലിടം ഉറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏത് റോളിലും തിളങ്ങാന്‍ തനിക്കാവുമെന്ന വ്യക്തമായ സന്ദേശം കൂടിയായിരുന്നു കിഷന്‍ ഇന്നലെ നൽകിയത്. വലംകൈയൻമാർ കൂടുതലുള്ള ഏകദിന നിറഞ്ഞ ബാറ്റിംഗ് നിരയിൽ ഇടംകൈയനായി ഇടംപിടിക്കുകയാണ് ഇഷാന്‍റെ ലക്ഷ്യം.
കെ എല്‍ രാഹുലിനൊപ്പം ഏകദിന ടീമില്‍ രണ്ടാം കീപ്പറായി ടീമിൽ ഇടംപിടിക്കാറുളള റിഷഭ് പന്തിന് മിക്കപ്പോഴും വൈറ്റ്ബോളിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. ഈ അവസരം പ്രയോജപ്പെടുത്താനാണിപ്പോൾ ഇഷാൻ ഏകദിനത്തിൽ മധ്യനിരയിലേക്ക് ഇറങ്ങി തകർത്തടിക്കുന്നത്. 27 ഏകദിനത്തിൽ ഇന്ത്യക്കായി കളിച്ചിട്ടുള്ള 27കാരനായ കിഷൻ ഒരു ഡബിൾ സെഞ്ച്വറി ഉൾപ്പടെ 933 റൺസെടുത്തിട്ടുണ്ട്. 32 ടി20യിൽ 796 റൺസും രണ്ട് ടെസ്റ്റിൽ 78 റൺസും നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!