'പാകിസ്ഥാന്‍ ക്രിക്കറ്റ് തകര്‍ന്നു'; ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ഇതിഹാസങ്ങള്‍

Published : Sep 13, 2026, 05:07 PM IST
Pakistan Cricket Team

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 3-0ത്തിന് തകർന്നടിഞ്ഞ പാകിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. ഈ ദയനീയ പരാജയത്തിന് പിന്നാലെ, ടീമിലെ പ്രശ്നങ്ങളെയും സിസ്റ്റത്തിലെ പാളിച്ചകളെയും കുറിച്ച് വസീം അക്രം, ഷാഹിദ് അഫ്രീദി തുടങ്ങിയ ഇതിഹാസ താരങ്ങൾ പ്രതികരിച്ചു.

ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 3-0ത്തിന് വൈറ്റ്വാഷ് ചെയ്യപ്പെട്ടതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. പരമ്പരയ്ക്കിടെയുണ്ടാകൂട്ടത്തോടെയുള്ള പുറത്താക്കലുകള്‍ക്കും കോച്ചിങ് മാറ്റങ്ങള്‍ക്കും ഇടയിലാണ് പാകിസ്ഥാന്റെ ഈ ദയനീയ പ്രകടനം. അരങ്ങേറ്റക്കാരനായ റാസുള്ളയുടെ പ്രകടനം മാത്രമാണ് തികച്ചും നിരാശജനകമായ ഈ പര്യടനത്തില്‍ ടീമിന് അല്പമെങ്കിലും ആശ്വാസം നല്‍കിയത്.

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ചതില്‍വെച്ച് ഏറ്റവും മോശം ടീമെന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. പരിശീലകരെ മാറ്റുന്ന പതിവ് രീതി തുടര്‍ന്നുകൊണ്ട് ഹെഡ് കോച്ച് സര്‍ഫ്രാസ് അഹമ്മദിനെയും ബോളിങ് കോച്ച് ഉമര്‍ ഗുലിനെയും സ്ഥാനത്തുനിന്ന് പുറത്താക്കി. ദുര്‍ബലമായ ബാറ്റിംഗ് നിര പരമ്പരയിലെ ആറ് ഇന്നിങ്സുകളില്‍ അഞ്ചെണ്ണത്തിലും 200 റണ്‍സ് പോലും കടക്കാന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഏഴ് കളിക്കാരെയും ടീമില്‍ നിന്ന് ഒഴിവാക്കി. പരമ്പരയിലെ മൂന്നാം ടെസ്റ്റിനായി വൈറ്റ് ബോള്‍ കോച്ച് മൈക്ക് ഹെസനെ ചുമതലയേല്‍പ്പിച്ചെങ്കിലും ടീമിന്റെ വിധി മാറ്റാന്‍ അതൊന്നും സഹായിച്ചില്ല.

പുറത്താക്കപ്പെട്ട കളിക്കാരായ മൊഹമ്മദ് റിസ്വാന്‍, ഇമാം ഉള്‍ ഹഖ് എന്നിവര്‍ ടീമിന്റെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ദേശീയ സൈബര്‍ ക്രൈം ഏജന്‍സിയുടെ അന്വേഷണം നേരിട്ടതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ഈ തകര്‍ച്ച താന്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നതാണെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വസീം അക്രം പറഞ്ഞു. 'ഇത് നിരാശാജനകമായ ഒരു അവസ്ഥയാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ഇത് കാണുന്നുണ്ടായിരുന്നു. ഇതിന് ഒരാളെ മാത്രം കുറ്റപ്പെടുത്താനാകില്ല, കാരണം ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.' വസീം അക്രം എഎഫ്പിയോട് പറഞ്ഞു.

പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ അവസ്ഥ വളരെ ശോചനീയമാണെന്ന് മുന്‍ താരം ഷാഹിദ് അഫ്രീദിയും പ്രതികരിച്ചു. 'ഇത് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഇരുണ്ടകാലമാണ്. കളിക്കാരെ ഇങ്ങനെ അപമാനിക്കാന്‍ കഴിയില്ല, നമ്മുടെ സിസ്റ്റവും ശക്തമല്ല.' അഫ്രീദി വ്യക്തമാക്കി. ആസൂത്രണത്തിലെ പാളിച്ചകളാണ് ഈ തകര്‍ച്ചയ്ക്ക് കാരണമെന്ന് മുന്‍ ലെഗ് സ്പിന്നറും 1992 ലോകകപ്പ് ജേതാവുമായ മുഷ്താഖ് അഹമ്മദ് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കളിക്കാരെ തയ്യാറാക്കുന്നതില്‍ ആഭ്യന്തര സംവിധാനം പരാജയപ്പെട്ടതിനാല്‍ പെട്ടെന്നൊരു പരിഹാരം സാധ്യമല്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

പരാജയങ്ങള്‍ക്ക് ശേഷമുള്ള മാറ്റങ്ങളും അഴിച്ചുപണികളും പാകിസ്ഥാന് പുതിയ കാര്യമല്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്ന് ക്യാപ്റ്റന്‍മാരെയും ആറ് ഹെഡ് കോച്ചുമാരെയും ടീം മാറ്റിയിട്ടുണ്ട്. തോല്‍വികള്‍ക്ക് ശേഷം കളിക്കാരെ ശിക്ഷിക്കുന്ന നടപടികളും ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്.

2010-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയില്‍ 3-0ത്തിന് തോറ്റതിന് പിന്നാലെ അന്നത്തെ ക്യാപ്റ്റന്‍ മൊഹമ്മദ് യൂസഫിനെയും സീനിയര്‍ ബാറ്റര്‍ യൂനുസ് ഖാനെയും പിസിബി അനിശ്ചിതകാലത്തേക്ക് വിലക്കിയിരുന്നു. എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് തോല്‍വിയോടെ പാകിസ്ഥാന്റെ കഴിഞ്ഞ 21 ടെസ്റ്റുകളിലെ 16-ാമത്തെ തോല്‍വിയാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ കഴിഞ്ഞ തവണത്തെപ്പോലെ അവസാന സ്ഥാനത്താണ് ടീം ഇപ്പോഴുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'വൈഭവ് സൂര്യവംശിക്കെതിരെ പ്രത്യേകം പദ്ധതികളുണ്ട്'; വ്യക്തമാക്കി അഫ്ഗാനിസ്ഥാന്‍ നായകന്‍ ഇബ്രാഹിം സദ്രാന്‍
'രാജസ്ഥാൻ ഇനിയൊരിക്കലും അവനെ കൈവിടില്ല'; വൈഭവ് സൂര്യവംശിയെക്കുറിച്ച് ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക