പാക് താരം ഉമര്‍ അക്മലിനെതിരെ അന്വേഷണം; സസ്പെന്‍ഷന്‍

By Web TeamFirst Published Feb 20, 2020, 12:50 PM IST
Highlights

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സും ഇസ്ലാമാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് തൊട്ട് മുമ്പാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നത്. ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമാണ് ഉമര്‍ അക്മല്‍.

കറാച്ചി: പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളില്‍ നിന്നും അടിയന്തിരമായി സസ്പെന്‍ഡ് ചെയ്ത് പാക് ക്രിക്കറ്റ് ബോര്‍ഡ്. അക്മലിനെതിരെ അഴിമതി വിരുദ്ധ സെല്ലിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ അക്മലിനെ സസ്പെന്‍ഡ് ചെയ്യുകയാണെന്നും ബോര്‍ഡ് വ്യക്തമാക്കി.

എന്നാല്‍ എന്ത് പരാതിയുടെ മേലാണ് നടപടിയെന്നോ മറ്റ് വിശദാംശങ്ങളോ വ്യക്തമാക്കാന്‍ പാക് ബോര്‍ഡ് തയാറായിട്ടില്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സും ഇസ്ലാമാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് തൊട്ട് മുമ്പാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നത്. ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമാണ് ഉമര്‍ അക്മല്‍.

സസ്പെന്‍ഷന്റെ പശ്ചാത്തലത്തില്‍ ഉമര്‍ അക്മലിന് പകരക്കാരനെ ഉള്‍പ്പെടുത്താന്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന് പാക് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനായി 16  ടെസ്റ്റും 84 ടി20യും 121 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് 29കാരനായ അക്മല്‍. മുന്‍ പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിന്റെ സഹോദരനുമാണ്. ഈ മാസമാദ്യം ശാരീരികക്ഷമതാ പരിശോധനക്കിടെ ട്രെയിനറെ അസഭ്യം പറഞ്ഞിതിന് അക്മല്‍ വിലക്കില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

click me!