ഐസിസിയെ ചർച്ചയ്ക്കായി പിസിബി സമീപിച്ചെന്ന ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ വെളിപ്പെടുത്തലിനോട് എക്സിലൂടെയാണ് ആമിർ മീർ പ്രതികരിച്ചത്.

കൊളംബോ: ടി20 ലോകകപ്പില്‍ ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). വിഷയത്തിൽ ഐസിസിയുമായി ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിച്ചെന്ന വാർത്തകൾ പിസിബി ഔദ്യോഗികമായി നിഷേധിച്ചു. ഇന്ത്യൻ മാധ്യമങ്ങൾ വെറും 'കള്ളക്കഥകള്‍' പ്രചരിപ്പിക്കുകയാണെന്നാണ് പിസിബി വക്താവ് ആമിർ മീർ പറഞ്ഞു.

ഐസിസിയെ ചർച്ചയ്ക്കായി പിസിബി സമീപിച്ചെന്ന ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ വെളിപ്പെടുത്തലിനോട് എക്സിലൂടെയാണ് ആമിർ മീർ പ്രതികരിച്ചത്. ഇന്ത്യൻ കായിക മാധ്യമപ്രവർത്തകർ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ ഞാൻ പൂർണ്ണമായും തള്ളിക്കളയുന്നു. പതിവുപോലെ ഇന്ത്യൻ മാധ്യമങ്ങൾ കള്ളക്കഥകൾ മെനയുന്ന തിരക്കിലാണ്. അൽപം സമയം കൂടി കാത്തിരുന്നാൽ ആരാണ് ചർച്ചയ്ക്കായി വാതിലിൽ മുട്ടിയതെന്നും ആരാണ് മുട്ടാത്തതെന്നും എല്ലാവർക്കും വ്യക്തമാകും- ആമിർ മീർ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ പാക് സർക്കാർ അനുമതി നൽകാത്തതിനെ തുടർന്ന് മത്സരം ബഹിഷ്കരിക്കാനാണ് പാകിസ്ഥാന്‍റെ തീരുമാനം. ഇക്കാര്യം പിസിബി ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ ടൂർണമെന്‍റിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ഈ നീക്കമെന്നാണ് പാകിസ്ഥാൻ പറയുന്നത്. എന്നാൽ ഐസിസി വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കുകയും നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ പിസിബി അയയുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

വിവാദങ്ങൾ ഒരു വശത്ത് തുടരുമ്പോഴും ഇന്ത്യൻ ടീം തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. ഐസിസി മത്സരക്രമം അനുസരിച്ച് ഇന്ത്യൻ ടീം കൊളംബോയിലേക്ക് തിരിക്കുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിശ്ചിത സമയത്ത് ഇന്ത്യ ഗ്രൗണ്ടിലെത്തുകയും പാകിസ്ഥാൻ മത്സരത്തില്‍ നിന്ന് വിട്ടുനിൽക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് രണ്ട് പോയിന്‍റുകൾ ലഭിക്കും.

ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ബ്രോഡ്‌കാസ്റ്റർമാർക്കും ഐസിസിക്കും കോടികളുടെ നഷ്ടമുണ്ടാകും. അതുകൊണ്ട് തന്നെ പാകിസ്ഥാനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ പരസ്യമായി ചർച്ചകൾ നിഷേധിക്കുന്നത് പാക് ക്രിക്കറ്റ് ബോർഡിന്‍റെ സമ്മർദ്ദതന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക