ഏഷ്യാ കപ്പ് : യുഎഇക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്തസമ്മേളനം റദ്ദാക്കി പാകിസ്ഥാന്‍

Published : Sep 16, 2025, 09:16 PM IST
Pakistan Canceled News Conference

Synopsis

ഇന്ത്യ-പാക് മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറിക്കെതിരെ പിസിബി ഉന്നയിച്ച ആവശ്യം ഐസിസി തള്ളിയതിന് പിന്നാലെയാണിത്. 

ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇക്കെതിരായ നിര്‍ണായക ഗ്രൂപ്പ് എ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന പത്രസമ്മേളനം പാകിസ്ഥാന്‍ റദ്ദാക്കി. റദ്ദാക്കാനുള്ള കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യം ഒഴിവാക്കാനാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് സൂചന. ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് ശേഷം ഹസ്തദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഐസിസി നിലപാട് വ്യക്തമായതോടെയാണ് പിസിബിയുടെ തീരുമാനം.

ആന്‍ഡി പൈക്രോഫ്റ്റിനെ മാച്ച് ഒഫീഷ്യല്‍സ് പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്ന പിസിബിയുടെ ആവശ്യം ചൊവ്വാഴ്ച ഐസിസി ഔദ്യോഗികമായി നിരസിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പുതിയ നടപടികള്‍. ടൂര്‍ണമെന്റ് പാനലില്‍ നിന്നും മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്മാറുമെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി മുന്നറിയിപ്പ് നല്‍കിയിരുന്നു. മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്താന്‍ നായകന് ഹസ്തദാനം നല്‍കരുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റനോട് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നുവെന്ന് പിസിബി ആരോപിച്ചു.

അതുപ്രകാരമാണ് സൂര്യകുമാര്‍ യാദവ് ഹസ്തദാനം ഒഴിവാക്കിയതെന്നാണ് പിസിബിയുടെ വാദം. തുടര്‍ന്നാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടത്. ഒഴിവാക്കിയില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറുമെന്നും അറിയിച്ചു. എന്നാല്‍ റഫറി തെറ്റുകാരനല്ലെന്ന് ഐസിസി അറിയിച്ചു. പിന്നാലെ യുഎഇക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ ഏഷ്യ കപ്പ് ബഹിഷ്‌കരിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി അറിയിച്ചു.

വന്‍ അച്ചടക്ക നടപടികളും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്ന് അറിയിച്ചതോടെ കടുത്ത തീരുമാനങ്ങളില്‍ നിന്ന് പിസിബി പിന്മാറുകയായിരുന്നു. ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന പാകിസ്ഥാന്‍ - യുഎഇ മത്സരത്തിലും ആന്‍ഡി പൈക്രൊഫ്റ്റ് തന്നെയാണ് മാച്ച് റഫറി. ഈ മത്സരം ജയിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ സപ്പര്‍ ഫോറിലെത്താതെ പുറത്താവാന്‍ സാധ്യതയുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഒമാനെതിരെ ജയിച്ച ടീമിന് ഇപ്പോള്‍ രണ്ട് പോയിന്റാണുള്ളത്. യുഎഇക്കെതിരെ ജയം അനിവാര്യമാണ്.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര