ബ്രിസ്‌ബേന്‍ ടെസ്റ്റ്: ഓസീസ് പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല, പാകിസ്ഥാന് തകര്‍ച്ച

By Web TeamFirst Published Nov 21, 2019, 1:55 PM IST
Highlights

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ഗാബയില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ ഒന്നാംദിനം 240 റണ്‍സിന് എല്ലാവരും പുറത്തായി.

ഗാബ: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ഗാബയില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ ഒന്നാംദിനം 240 റണ്‍സിന് എല്ലാവരും പുറത്തായി. ഓസീസ് പേസര്‍മാര്‍ക്ക് പാകിസ്ഥാന്‍ താരങ്ങള്‍ക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 76 റണ്‍സ് നേടിയ ആസാദ് ഷഫീഖാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി നാല് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ് മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് നേടി. 

ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ചുനില്‍ക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നു. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 75 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. പിന്നീട് 19 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഷാന്‍ മസൂദ് (27), അസര്‍ അലി (39), ഹാരിസ് സൊഹൈല്‍ (1), ബാബര്‍ അസം (1), ഇഫ്തിഖര്‍ അഹമ്മദ് (7) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

പിന്നീട് മുഹമ്മദ് റിസ്‌വാന്‍ (37), യാസിര്‍ ഷാ (26) എന്നിവരെ കൂട്ടുപിടിച്ച് ആസാദ് ഷഫീഖ് നടത്തിയ പ്രകടനമാണ് പാകിസ്ഥാന്‍ തുണയായത്. എന്നാല്‍ മൂവരും മടങ്ങിയതോടെ പാകിസ്ഥാന്‍ കൂടാരം കയറുകയായിരുന്നു. ഇതോടെ ആദ്യ ദിവസം സ്റ്റംപെടുക്കുകയായിരുന്നു.

click me!