വിവാദ പോസ്റ്റ്! പാക് പേസര്‍ നസീം ഷായ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

Published : Mar 28, 2026, 12:24 PM IST
Naseem Shah

Synopsis

പാക് പേസര്‍ നസീം ഷായ്ക്ക് പിസിബി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പിഎസ്എല്‍ ഉദ്ഘാടനത്തിനിടെ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്ന വിവാദ പോസ്റ്റിനെത്തുടര്‍ന്നാണ് നടപടി. 

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കേന്ദ്ര കരാറും മീഡിയ ചട്ടങ്ങളും ലംഘിച്ചുവെന്നാരോപിച്ച് സൂപ്പര്‍ താരം നസീം ഷായ്ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2026 സീസണിന്റെ ഉദ്ഘാടന രാത്രിയില്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്ന വിവാദ പോസ്റ്റിനെത്തുടര്‍ന്നാണ് ഈ നടപടി. പിസിബി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, പേസര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

പിസിബിയുടെ പ്രസ്താവന ഇങ്ങനെ... ''നിശ്ചിത സമയത്തിനുള്ളില്‍ നസീം ഷാ മറുപടി നല്‍കേണ്ടതുണ്ട്. പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍, കരാര്‍ ബാധ്യതകള്‍, കായിക രംഗത്തിന്റെ മാന്യത എന്നിവ കാത്തുസൂക്ഷിക്കാന്‍ പിസിബി പ്രതിജ്ഞാബദ്ധമാണ്.'' എന്ന് ബോര്‍ഡ് വ്യക്തമാക്കി. കരാറിലെ ഏത് വകുപ്പാണ് ലംഘിക്കപ്പെട്ടതെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, താരത്തിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന പിഎസ്എല്‍ ഉദ്ഘാടന ചടങ്ങിനിടെ നസീം ഷായുടെ എക്‌സ് അക്കൗണ്ടില്‍ വന്ന ഒരു പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രി മറിയം നവാസ് സ്റ്റേഡിയത്തിലേക്ക് എത്തുന്നതിന്റെ വീഡിയോ സഹിതമായിരുന്നു പോസ്റ്റ്. ''എന്തുകൊണ്ടാണ് അവര്‍ ലണ്ടനിലെ ലോര്‍ഡ്സിലെ രാജ്ഞിയെപ്പോലെ പരിഗണിക്കപ്പെടുന്നത്?'' എന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം.

ഹാക്കിംഗ് വാദം

പോസ്റ്റ് വിവാദമായതോടെ നിമിഷങ്ങള്‍ക്കകം അത് ഡിലീറ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പിന്നീട് അത് വീണ്ടെടുത്തതായും വിശദീകരിച്ച് താരം രംഗത്തെത്തി. എന്നാല്‍, ഈ വിശദീകരണം കൊണ്ട് വിഷയം അവസാനിച്ചില്ല. പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ഹൈ-പ്രൊഫൈല്‍ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ ഈ സംഭവം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്.

വിദേശ ഘടകങ്ങള്‍ കാരണം പൊതുജന പങ്കാളിത്തത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നിട്ടും വിഐപികള്‍ക്ക് നല്‍കുന്ന പരിഗണനയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കിടെയാണ് താരത്തിന്റെ പേരില്‍ ഇത്തരമൊരു പോസ്റ്റ് വന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ധോണിക്ക് പരിക്ക്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി; ഐപിഎല്ലില്‍ ആദ്യ രണ്ടാഴ്ച്ച കളിക്കില്ല, സഞ്ജു കീപ്പര്‍
ഐപിഎല്ലിന് ഇന്ന് കൊടിയേറ്റം; കിരീടം നിലനിര്‍ത്താന്‍ ആര്‍സിബി, ആദ്യ മത്സരം ഹൈദരാബാദിനെതിരെ