ഏഷ്യൻ ഗെയിംസിലെ പരിചയസമ്പത്ത് ലഖ്‌നൗവിലെ പതുക്കെ ചലിക്കുന്ന പിച്ചിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് ചേതേശ്വർ പൂജാര വ്യക്തമാക്കി. സഞ്ജു സാംസൺ ഓപ്പണിംഗിലേക്ക് തിരിച്ചെത്തണമെന്നും, അഭിഷേക് ശർമ്മയും തിലക് വർമ്മയും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം വിലയിരുത്തി.

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ലക്‌നൗവിലെ ബുദ്ധിമുട്ടേറിയ പിച്ചില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം മികച്ച രീതിയില്‍ സജ്ജമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഏഷ്യന്‍ ഗെയിംസിലെ വെല്ലുവിളി നിറഞ്ഞ പിച്ചുകളില്‍ കളിച്ച പരിചയസമ്പത്ത് ഇന്ത്യക്കുണ്ടെന്നും പൂജാര പറഞ്ഞു. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച ലക്‌നൗവിലാണ് നടക്കുന്നത്. ജിയോഹോട്ട്സ്റ്റാറിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂജാരയുടെ വാക്കുകള്‍... ''ലഖ്നൗവിലേത് ബൗളര്‍മാര്‍ക്ക് അനുയോജ്യമായ പിച്ചായിരിക്കും. പിച്ചുകളുടെ സ്വഭാവം വെച്ച് നോക്കുമ്പോള്‍ പേസ് ബൗളര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇവിടെ ബാറ്റിംഗ് അത്ര എളുപ്പമായിരിക്കില്ല. എന്നാല്‍ ജപ്പാനിലെ ഏഷ്യന്‍ ഗെയിംസില്‍ പിച്ചുകള്‍ ബാറ്റിംഗിന് അത്ര എളുപ്പമല്ലാതിരുന്നതിനാല്‍, സാവധാനത്തിലുള്ള പിച്ചുകളെയും പന്ത് തിരിയുന്ന സാഹചര്യങ്ങളെയും നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മുന്‍കൂട്ടി തയ്യാറെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.'' പൂജാര പറഞ്ഞു.

ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെയും ഓഫ് സ്പിന്നര്‍ റോസ്റ്റണ്‍ ചേസിനെയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചും പൂജാര സംസാരിച്ചു. ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ അഭിഷേക് തന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ചേസിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ യുവതാരം വൈഭവ് സൂര്യവംശിയാണ് അഭിഷേകിനൊപ്പം ഓപ്പണ്‍ ചെയ്തതെങ്കിലും, ലോകകപ്പ് നേടിയ പരിചയസമ്പന്നനായ സഞ്ജു സാംസണ്‍ തന്നെ തന്റെ പഴയ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പൂജാര അഭിപ്രായപ്പെട്ടു.

സഞ്ജു മികച്ച ഫോമിലാണെന്നും ടീമില്‍ ബാക്ക്-അപ്പായി മികച്ച താരങ്ങളുണ്ടെങ്കിലും പരിചയസമ്പത്തിന് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരത്തിന്റെ അവസാന ഓവറുകളില്‍ ഫിനിഷറുടെ റോളിലേക്ക് തിലക് വര്‍മ വളര്‍ന്നുവരുന്നതിനെക്കുറിച്ചും പൂജാര സംസാരിച്ചു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റില്‍ 5, 6, 7 സ്ഥാനങ്ങളില്‍ സാഹചര്യം അനുസരിച്ച് ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു താരത്തെയാണ് ഇന്ത്യ അന്വേഷിച്ചിരുന്നതെന്നും, തിലകിലൂടെ ആ കുറവ് നികത്താന്‍ ടീമിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

YouTube video player