ഐപിഎല്ലിലേക്ക് കൂടുമാറിയ മുസറബാനിക്കെതിരെ നിയമ നടപടിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

Published : Mar 14, 2026, 12:57 PM IST
Blessing Muzarabani

Synopsis

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കരാര്‍ ലംഘിച്ച് ഐപിഎല്ലില്‍ ചേര്‍ന്ന സിംബാബ്വെ താരം ബ്ലെസിംഗ് മുസറബാനിക്കെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമനടപടിക്ക് ഒരുങ്ങുന്നു.

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡുമായുള്ള കരാര്‍ ലംഘിച്ച സിംബാബ്വെ ഫാസ്റ്റ് ബൗളര്‍ ബ്ലെസിംഗ് മുസറബാനിക്കെതിരെ നിയമനടപടിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഷമാര്‍ ജോസഫിന് പകരക്കാരനായി 1.1 കോടി രൂപയ്ക്കാണ് മുസാറബാനി ഇസ്ലാമാബാദ് യുണൈറ്റഡുമായി കരാറിലേര്‍പ്പെട്ടിരുന്നത്. എന്നാല്‍, ഈ കരാര്‍ അവഗണിച്ച് താരം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

മുസ്തഫിസുര്‍ റഹ്മാന് പകരക്കാരനായാണ് മുസറബാനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പാളയത്തിലെത്തുന്നത്. മാര്‍ച്ച് 26 മുതല്‍ മെയ് 3 വരെ നടക്കാനിരിക്കുന്ന പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് പോയത് കരാര്‍ ലംഘനമാണെന്നും, ഇതിനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പി.സി.ബി വ്യക്തമാക്കി. പിഎസ്എല്‍ കരാര്‍ ഒപ്പിട്ട ശേഷം താരങ്ങള്‍ ഐപിഎല്ലിലേക്ക് മാറുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ താരം കോര്‍ബിന്‍ ബോഷ് പെഷവാര്‍ സാല്‍മിയുമായുള്ള കരാര്‍ ലംഘിച്ച് മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നിരുന്നു.

ഇതിനെത്തുടര്‍ന്ന് ബോഷിന് ഒരു സീസണില്‍ പിഎസ്എല്ലില്‍ കളിക്കുന്നതിന് പിസിബി വിലക്കേര്‍പ്പെടുത്തിയിരുന്നു. മുസറബാനിക്കെതിരെയും സമാനമായ കര്‍ശന നടപടികള്‍ ഉണ്ടായേക്കും. അടുത്തിടെ നടന്ന ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് മുസറബാനിയെ ഐപിഎല്ലിലേക്ക് ആകര്‍ഷിച്ചത്. ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ സിംബാബ്വെയുടെ അട്ടിമറി വിജയത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ പ്രകടനം അന്താരാഷ്ട്ര തലത്തില്‍ താരത്തിന്റെ മൂല്യം വര്‍ദ്ധിപ്പിച്ചു.

വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധി

വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകള്‍ ഒരേസമയം നടക്കുമ്പോള്‍ വിദേശ താരങ്ങളെ നിലനിര്‍ത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഫ്രാഞ്ചൈസികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും കരാറുകളുടെ വിശ്വാസ്യത നിലനിര്‍ത്താനുമാണ് പിസിബി ഇപ്പോള്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. ഈ കേസിന്റെ വിധി വരുംകാലങ്ങളില്‍ ഇത്തരം കരാര്‍ ലംഘനങ്ങള്‍ തടയാനുള്ള ഒരു മാതൃകയാകുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കരുതുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കേരളത്തിലെ ക്രിക്കറ്റ് ആവേശത്തിന് പുതിയ തട്ടകം; മംഗലപുരത്ത് വരുന്നൂ അത്യാധുനിക സ്റ്റേഡിയം, ഉദ്ഘാടനം മാർച്ച് 16ന്
'ധോണിയുടെ പിന്തുണയും സഞ്ജുവിന്റെ സഹായവും'; ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റുതുരാജിന് കാര്യങ്ങള്‍ എളുപ്പമെന്ന് ഇര്‍ഫാന്‍ പത്താന്‍